മോദി കള്ളം പറഞ്ഞാലും ശാസ്ത്രം കള്ളം പറയില്ല, കോവിഡ് മരണക്കണക്കിൽ കേന്ദ്രം കള്ളം പറയുന്നു: രാഹുൽ ഗാന്ധി
'അർഹതപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണം'
ഡല്‍ഹി: കോവിഡ് മരണക്കണക്കിൽ കേന്ദ്രം കള്ളം പറയുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം 47 ലക്ഷം പേർ കോവിഡ് ബാധിച്ച് ഇന്ത്യയിൽ മരിച്ചു. എന്നാൽ കേന്ദ്രം പറയുന്നത് 4.8 ലക്ഷം മാത്രം. മോദി കള്ളം പറഞ്ഞാലും ശാസ്ത്രം കള്ളം പറയില്ലെന്ന് രാഹുൽ പരിഹസിച്ചു. അർഹതപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
ലോകത്ത് ഏറ്റവുമധികം ആളുകൾ കോവിഡ് ബാധിച്ചു മരിച്ചത് ഇന്ത്യയിലാണെന്നു വ്യക്തമാക്കുന്ന പഠനറിപ്പോർട്ടാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ടത്. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളെ സമ്മർദത്തിലാക്കി ലോകാരോഗ്യ സംഘടനയുടെ കോവിഡ് മരണക്കണക്ക്. ഇന്ത്യയിലെ കോവിഡ് മരണം സർക്കാരിൻറെ ഔദ്യോഗിക കണക്കിനെക്കാൾ പത്തിരട്ടി അധികമെന്ന് ലോകാരോഗ്യ സംഘടന വ്യകതമാക്കുന്നു. അതേസമയം ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ തള്ളി കേന്ദ്ര സർക്കാർ രംഗത്തെത്തി.
2020 ജനുവരി ഒന്ന് മുതൽ 2021 ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ മാത്രം 47 ലക്ഷം പേർ കോവിഡ് ബാധിച്ച് മരിച്ചെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കിൽ പറയുന്നത്. സർക്കാരിൻറെ ഔദ്യോഗിക കണക്കിനെക്കാൾ പത്ത് മടങ്ങ് കൂടുതലാണിത്. ലോകത്താകെ ഒന്നരക്കോടിയോളം ആളുകൾക്ക് ജീവൻ നഷ്ടമായെന്ന് ലോകാരോഗ്യ സംഘടന പറയുമ്പോൾ വിവിധ രാജ്യങ്ങൾ പുറത്ത് വിട്ട കണക്ക് പ്രകാരം ആകെ 60 ലക്ഷം പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. നിലവിൽ രേഖപ്പെടുത്തിയതിൻറെ രണ്ടിരട്ടി. ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോം അണ് ഈ കണക്കുകൾ പുറത്തുവിട്ടത്. കണക്കുകൾ പൂർണമായും ശരിയാണെന്നും ഗൗരവമായി കണക്കിലെടുത്ത് ഭാവിയിൽ ഓരോ രാജ്യങ്ങളും കൂടുതൽ ജാഗ്രതയോടെ നീങ്ങണമെന്നും ടെഡ്രോസ് അഥാനോം കൂട്ടിച്ചേർത്തു.
ലോകത്തിലെ കോവിഡ് മരണങ്ങളിൽ മൂന്നിലൊന്നും ഇന്ത്യയിലാണന്നാണ് ലോകാരോഗ്യ സംഘടനയുടെ അവകാശ വാദം. എന്നാൽ ഇത് തള്ളി രംഗത്തെത്തിയ കേന്ദ്ര സർക്കാർ ഡബ്‌ള്യൂ.എച്ച്.ഒയുടെ കണക്ക് സംശയാസ്പദമാണെന്നും ആരോപിച്ചു. കൃത്യവും ശാസ്ത്രീയവുമായ രീതിയിലൂടെയാണ് ഇന്ത്യ കോവിഡ് മരണക്കണക്ക് പുറത്തുവിട്ടതെന്നുമാണ് കേന്ദ്ര സർക്കാരിൻറെ വാദം.