മധ്യപ്രദേശില്‍ മുസ്‌ലിം ആക്രിക്കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി 'ജയ് ശ്രീറാം' വിളിപ്പിച്ച് ആള്‍ക്കൂട്ടം

സിക്‌ലിയില്‍ ആക്രി ശേഖരിക്കാനെത്തിയ അബ്ദുല്‍ റഷീദ് എന്ന വയോധികനെ ഭീഷണിപ്പെടുത്തുകയും 'ജയ് ശ്രീറാം' വിളിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി

Update: 2021-08-29 13:30 GMT
Editor : Shaheer | By : Web Desk
Advertising

മധ്യപ്രദേശില്‍ മുസ്‌ലിം വയോധികനെ ഭീഷണിപ്പെടുത്തി 'ജയ് ശ്രീറാം' വിളിപ്പിച്ച് ആള്‍ക്കൂട്ടം. ഉജ്ജൈന്‍ ജില്ലയിലാണ് ആക്രിവില്‍ക്കാനെത്തിയയാളെ സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും 'ജയ് ശ്രീറാം' വിളിപ്പിക്കുകയും ചെയ്തത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മഹിദ്പൂര്‍ സ്വദേശിയായ അബ്ദുല്‍ റഷീദ് ഝാര്‍ദ പൊലീസ് സ്റ്റേഷനു കീഴിലുള്ള സിക്‌ലിയിയില്‍ ആക്രി ശേഖരിക്കാനെത്തിയതായിരുന്നു. വര്‍ഷങ്ങളായി ആക്രികച്ചവടം നടത്തുന്ന റഷീദ് ഗ്രാമത്തിലും സ്ഥിരമായി എത്താറുള്ളതാണ്.

എന്നാല്‍, കഴിഞ്ഞ ദിവസം സ്വന്തം മിനി ട്രക്കില്‍ സിക്‌ലിയിലെത്തി ആക്രികള്‍ ശേഖരിച്ചു മടങ്ങുന്ന വഴിക്കാമ് റഷീദിനെ ഒരു സംഘം പിന്തുടര്‍ന്നത്. തുടര്‍ന്ന് തൊട്ടടുത്തുള്ള പിപ്‌ലിയ ധൂമയില്‍ ഇദ്ദേഹത്തെ തടഞ്ഞുനിര്‍ത്തി ഭേദ്യം ചെയ്തു. തുടര്‍ന്ന് ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ആദ്യം ഇതിനു വഴങ്ങിയില്ലെങ്കിലും ഭീഷണി സ്വരം കടുത്തതോടെ ജയ് ശ്രീറാം വിളിച്ചു. തുടര്‍ന്ന് ഇവിടേക്ക് ഇനി വരരുതെന്ന മുന്നറിയിപ്പോടെയാണ് സംഘം വയോധികനെ വെറുതെവിട്ടത്.

സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് ഇടപെട്ടത്. കമല്‍ സിങ്(22), ഈശ്വര്‍ സിങ്(27) എന്നിവര്‍ക്കെതിരെ കേസെടുത്തതായി ഝാര്‍ദ പൊലീസ് സ്റ്റേഷന്‍ ചുമതലയുള്ള വിക്രം സിങ് അറിയിച്ചു. മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കല്‍, മതസ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. രണ്ടുപേരും പൊലീസ് കസ്റ്റഡിയിലാണുള്ളത്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News