രണ്ടാം മോദി സർക്കാറിന്റേത് ഏറ്റവും കുറഞ്ഞ വളർച്ച കാലഘട്ടം -മുൻ ധനകാര്യ സെക്രട്ടറി

‘1991ലെ പരിഷ്‌കാരങ്ങൾക്ക് ശേഷമുള്ള ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന വളർച്ച കാലഘട്ടമാണിത്’

Update: 2024-02-17 16:42 GMT
Advertising

ന്യൂഡൽഹി: മൂന്ന് പതിറ്റാണ്ടിന് ശേഷം, രണ്ടാം നരേന്ദ്ര മോദി സർക്കാറിന്റേത് ഏറ്റവും കുറഞ്ഞ വളർച്ച കാലഘട്ടമായിരുന്നുവെന്ന് മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് പറഞ്ഞു. 2019-20 സാമ്പത്തിക വർഷം മുതൽ 2023-24 വരെയുള്ള മോദി സർക്കാറിന്റെ രണ്ടാം ടേമിലെ അഞ്ച് വർഷത്തെയും കണക്കുകൾ ലഭ്യമാണ്.

അഞ്ച് വർഷത്തെ വളർച്ച കണക്കാക്കാൻ രണ്ടാം ടേമിന്റെ അവസാന വർഷത്തിലെ സമ്പദ്‌വ്യവസ്ഥയുടെ വലിപ്പവും ആദ്യ ടേമിന്റെ അവസാന വർഷത്തിലെ (2018-19) വലിപ്പവും താരതമ്യം ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

മോദി സർക്കാറിന്റെ രണ്ടാം ടേമിലെ അഞ്ച് വർഷത്തെ വളർച്ച ഏകദേശം 4 - 4.1 ശതമാനമാണ്. 1991ലെ പരിഷ്‌കാരങ്ങൾക്ക് ശേഷമുള്ള ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന വളർച്ചാ കാലഘട്ടങ്ങളിലൊന്നായിരിക്കും ഇതെന്നും ഗാർഗ് പറഞ്ഞു.

മോദി സർക്കാറിന്റെ ആദ്യകാലത്ത് ധനമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്നു ഗാർഗ്. 2017 ജൂലൈ മുതൽ 2019 ജൂലൈ വരെ സാമ്പത്തിക കാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ഭരണത്തിന്റെ അവസാന മാസങ്ങളിൽ ധനകാര്യ സെക്രട്ടറിയായും ചുമതല വഹിച്ചു.

കേന്ദ്ര നികുതിയിൽ കർണാടകയുടെ വിഹിതം ഗണ്യമായി കുറച്ചതിലും അദ്ദേഹം പ്രതികരിച്ചു. കേന്ദ്രനികുതിയിൽ കർണാടകയുടെ വിഹിതം 15ാം ധനകാര്യ കമ്മീഷൻ വെട്ടിക്കുറച്ചതിൽ കൂടുതൽ സൂക്ഷ്മപരിശോധന ആവശ്യമാണെന്ന് ഗാർഗ് പറഞ്ഞു. വ്യാവസായികവൽക്കരണത്തിലും ജനസംഖ്യാ നിയന്ത്രണത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വിഹിതത്തിൽ സമാന കുറവ് കണ്ടിട്ടില്ല.

കേന്ദ്ര നികുതിയിൽ കർണാടകയുടെ വിഹിതം പതിനാലാം ധനകാര്യ കമ്മീഷനിൽ നിർദ്ദേശിച്ച 4.71 ശതമാനത്തിൽ നിന്ന് പതിനഞ്ചാം ധനകാര്യ കമ്മീഷൻ 3.65 ശതമാനമായി കുറച്ചു. തമിഴ്‌നാടിന്റെ വിഹിതം ഇതേ കാലയളവിൽ 4.02 ശതമാനത്തിൽ നിന്ന് 4.08 ശതമാനമായി നേരിയ തോതിൽ വർധിച്ചു.

കേരളത്തിന്റേത് 2.5 ശതമാനത്തിൽനിന്ന് 1.92 ശതമാനമായി വെട്ടിക്കുറച്ചു. ആന്ധ്രാപ്രദേശിന്റെ വിഹിതം 4.3 ശതമാനത്തിൽനിന്ന് 4.05 ശതമാനമായും തെലങ്കാനയുടേത് 2.4 ശതമാനത്തിൽ നിന്ന് 2.1 ശതമാനമായും കുറഞ്ഞു.

ഇതിൽ കേന്ദ്ര സർക്കാറിനെ കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് ഗാർഗ് പറഞ്ഞു. കർണാടകയുടെ വിഹിതം കുറക്കാൻ എന്തെങ്കിലും മോശമായി ചെയ്യാൻ സർക്കാർ ധനകാര്യ കമ്മീഷനെ പ്രേരിപ്പിച്ചിട്ടില്ല. തീർച്ചയായും ചിലക ഘടകങ്ങളും കണക്കുകളും കർണാടകയുടെ വിഹിതം ഇത്രയധികം ഇടിയുന്നതിൽ കാരണമായെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News