ലോക്സഭയിൽ സുരക്ഷാ വീഴ്ച; സന്ദര്‍ശക ഗ്യാലറിയില്‍ നിന്നും ചാടിയവര്‍ കളര്‍ ബോംബ് പ്രയോഗിച്ചു

ഇതിനെ തുടര്‍ന്ന് ലോക്സഭ രണ്ടുമണി വരെ നിര്‍ത്തിവച്ചു

Update: 2023-12-13 08:29 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: ലോക്സഭയിൽ സുരക്ഷാ വീഴ്ച. ഗാലറിയിൽ നിന്ന് രണ്ടുപേർ എംപിമാർ ഇരിക്കുന്ന ഭാഗത്തേക്ക് എടുത്ത് ചാടുക ആയിരുന്നു. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഇതിനെ തുടര്‍ന്ന് ലോക്സഭ രണ്ടുമണി വരെ നിര്‍ത്തിവച്ചു. ബുധനാഴ്ച ഉച്ചക്ക് 1.02ന് സീറോ അവറിലാണ് സംഭവം.

രണ്ടുപേര്‍ പൊതു ഗ്യാലറിയിൽ നിന്ന് ചേമ്പറിലേക്ക് ചാടിയെന്നും ലോക്സഭയിലെ അംഗങ്ങള്‍ അവരെ പിടികൂടാന്‍ ശ്രമിച്ചുവെന്നും ആ സമയം സഭയിലുണ്ടായിരുന്ന കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ വാക്കുകള്‍ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സന്ദർശകരായി ഗാലറിയിലേക്ക് പ്രവേശിച്ചവരാണ് നടുത്തളത്തിലേക്ക് ചാടിയത്.ഖലിസ്ഥാൻ വാദികളെന്നാണ് സൂചന. ഇവര്‍ മഞ്ഞ നിറത്തിലുള്ള പുകയുള്ള കളർ പോപ്അപ്പ് കത്തിച്ചു.ഭരണകക്ഷി എം.പിമാര്‍ ഇരിക്കുന്ന ഭാഗത്തേക്കാണ് അക്രമികള്‍ ചാടിയത്.  എം.പിമാരുടെ കസേരകളിലേക്കാണ് ചാടിയത്.  ഉത്തര്‍പ്രദേശ് സ്വദേശികളെന്നാണ് സൂചന. 30 വയസിനു താഴെയുള്ളവരാണ് ഇവര്‍.സഭാഹാളില്‍ മഞ്ഞനിറമുള്ള പുക ഉയര്‍ന്നതായി എം.പിമാര്‍ പറഞ്ഞു. പാര്‍ലമെന്‍റിന് പുറത്ത് കളര്‍ ബോംബ് പ്രയോഗിച്ചവരും പിടിയിലായിട്ടുണ്ട്. ഒരു സ്ത്രീയടക്കം രണ്ടുപേരാണ് പിടിയിലായത്. പാര്‍ലമെന്‍റ് ആക്രമണത്തിന്‍റെ വാര്‍ഷികത്തിലാണ് സംഭവം.പാർലമെൻ്റ് ആക്രമണ വാർഷിക ദിനം വീണ്ടും പാർലമെൻ്റ് ആക്രമിക്കുമെന്ന് ഖലിസ്ഥാൻ വാദികൾ ഭീഷണി മുഴക്കിയിരുന്നു.

കടും നീല ഷർട്ട് ധരിച്ച ഒരാള്‍ എം.പിമാരുടെ ഭാഗത്തേക്ക് ചാടുന്നതും മഞ്ഞ നിറത്തിലുള്ള പുക ചീറ്റുന്നതും വീഡിയോയില്‍ കാണാം. ലോക്‌സഭാ എംപിമാരും സുരക്ഷാ ജീവനക്കാരും ചേർന്നാണ് ഇരുവരെയും കീഴടക്കിയത്. സന്ദർശക ഗാലറിയിൽ നിന്ന് ആരോ താഴെ വീണുവെന്നാണ് താൻ ആദ്യം കരുതിയതെന്ന് കോൺഗ്രസ് എംപി കാർത്തി ചിദംബരം എൻഡിടിവിയോട് പറഞ്ഞത്. രണ്ടാമത്തേയാൾ ചാടിയശേഷമാണ് സുരക്ഷാ വീഴ്ചയാണെന്ന് മനസ്സിലായത്. വാതകം വിഷലിപ്തമായിരിക്കാമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News