ലോക്സഭ സന്ദർശക പാസ് ശിപാർശ ചെയ്ത എം.പിയാര്? പിടിയിലാവുന്നതിനിടെ മുദ്രാവാക്യം വിളിച്ച് പ്രതികൾ
പിടിയിലായവര്‍ ഉത്തര്‍പ്രദേശ് സ്വദേശികളെന്ന് സൂചന
ന്യൂഡൽഹി: ലോക്‌സഭ സന്ദർശക ഗ്യാലറിയിൽ നിന്ന് സഭാ അംഗങ്ങളിലേക്ക് എടുത്തുചാടുകയും കളർ ബോംബ് പൊട്ടിക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജിതം. സംഭവത്തിൽ നാലുപേർ അറസ്റ്റിലായിട്ടുണ്ട്. അതേസമയം, ഇവർക്ക് സന്ദർശക പാസ് ശിപാർശ ചെയ്ത എം.പിയാരാണ് എന്നത് ഇനിയും പുറത്ത് വന്നിട്ടില്ല. എന്നാൽ കർണാടകയിൽ നിന്നുള്ള എം.പിയുടെ ശിപാർശയിലാണ് അക്രമികൾ സന്ദർശകരായി എത്തിയതെന്നും വിവരമുണ്ട്.
പുറത്ത് പടക്കം പൊട്ടിച്ച രണ്ടുപേരും പിടിയിലായിട്ടുണ്ട്. ഭാരത് മാതാ കീ ജയ്,ജയ് ഭീം മുദ്രാവാക്യം വിളിച്ചാണ് പാർലമെന്റ് മന്ദിരത്തിന് പുറത്ത് പ്രതിഷേധിച്ചത്. പ്രതികൾ ഗ്യാസ് ക്യാനുകൾ ഷൂവിനുള്ളിൽ ഒളിപ്പിച്ച് കടത്തിയിട്ടുണ്ട്. പിടിയിലായവര്‍ വിദ്യാര്‍ഥികളാണെന്നും വിവരമുണ്ട്.
ബുധനാഴ്ച ഉച്ചക്ക് 1.02ന് സീറോ അവറിലാണ് നാടകീയ സംഭവങ്ങൾ നടന്നത്. രണ്ടുപേർ പൊതു ഗ്യാലറിയിൽ നിന്ന് ചേമ്പറിലേക്ക് ചാടിയെന്നും ലോക്‌സഭയിലെ അംഗങ്ങൾ അവരെ പിടികൂടാൻ ശ്രമിച്ചുവെന്നും ആ സമയം സഭയിലുണ്ടായിരുന്ന കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ വാക്കുകൾ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
സന്ദർശകരായി ഗാലറിയിലേക്ക് പ്രവേശിച്ചവരാണ് നടുത്തളത്തിലേക്ക് ചാടിയത്. ഇവർ മഞ്ഞ നിറത്തിലുള്ള പുകയുള്ള കളർ പോപ്അപ്പ് കത്തിച്ചു.ഭരണകക്ഷി എം.പിമാർ ഇരിക്കുന്ന ഭാഗത്തേക്കാണ് അക്രമികൾ ചാടിയത്. എം.പിമാരുടെ കസേരകളിലേക്കാണ് ചാടിയത്. ഉത്തർപ്രദേശ് സ്വദേശികളെന്നാണ് സൂചന. 30 വയസിനു താഴെയുള്ളവരാണ് ഇവർ.സഭാഹാളിൽ മഞ്ഞനിറമുള്ള പുക ഉയർന്നതായി എം.പിമാർ പറഞ്ഞു. പാർലമെൻറിന് പുറത്ത് കളർ ബോംബ് പ്രയോഗിച്ചവരും പിടിയിലായിട്ടുണ്ട്. പാർലമെൻറ് ആക്രമണത്തിൻറെ വാർഷികത്തിലാണ് സംഭവം. പാർലമെന്റ് ആക്രമണ വാർഷിക ദിനം വീണ്ടും പാർലമെന്റ് ആക്രമിക്കുമെന്ന് ഖലിസ്ഥാൻ വാദികൾ ഭീഷണി മുഴക്കിയിരുന്നു. അതേസമയം,ഇത് തീവ്രവാദി ആക്രമണമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.