ഗുസ്‌തി താരങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രിംകോടതി; ഹരജി തീർപ്പാക്കി
പ്രായപൂർത്തിയാകാത്ത പരാതിക്കാരിക്കും മറ്റ് ആറ് വനിതാ ഗുസ്തിക്കാർക്കും മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു.
ഡൽഹി: റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച വനിതാ ഗുസ്‌തി താരങ്ങളുടെ ഹരജി തീർപ്പാക്കി സുപ്രിംകോടതി. മൂന്ന് വനിതാ ഗുസ്‌തി താരങ്ങളുടെ ഹരജിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ഏഴ് പരാതിക്കാർക്ക് മതിയായ സുരക്ഷ നൽകുകയും ചെയ്തതായി കോടതി ചൂണ്ടിക്കാട്ടി. ഹരജിയിലെ നടപടികൾ കോടതി ഇന്ന് അവസാനിപ്പിച്ചു.
നിലവിൽ നടക്കുന്ന അന്വേഷണം വിരമിച്ചതോ അല്ലെങ്കിൽ ജോലി ചെയ്യുന്ന ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ നടത്തണമെന്ന ഗുസ്‌തി താരങ്ങളുടെ അഭിഭാഷകൻ നൽകിയ വാക്കാലുള്ള ഹരജി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു.
എഫ്‌ഐആർ രജിസ്‌ട്രേഷനും പരാതിക്കാർക്കുള്ള സുരക്ഷയ്‌ക്കുമായുള്ള ഹരജികളുമായാണ് നിങ്ങൾ സുപ്രിംകോടതിയെ സമീപിച്ചത്. രണ്ട് ഹരജികളും തീർപ്പാക്കി കഴിഞ്ഞു. ഇനി എന്തെങ്കിലും പരാതികളുണ്ടെങ്കിൽ ഹൈക്കോടതിയെയോ മജിസ്‌ട്രേറ്റിനെയോ സമീപിക്കാമെന്ന് ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരുടെ ബെഞ്ച് പറഞ്ഞു.
ഏപ്രിൽ 28ലെ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം പരാതിക്കാർക്ക് ഭീഷണിയുണ്ടെന്ന പൊലീസിന്റെ വിലയിരുത്തൽ ഡൽഹി പോലീസിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിനെ അറിയിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത പരാതിക്കാരിക്കും മറ്റ് ആറ് വനിതാ ഗുസ്തിക്കാർക്കും മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷനെതിരെ ഏപ്രിൽ 23നാണ് ജന്തർമന്തറിൽ കുത്തിയിരിപ്പ് സമരം തുടങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴ് വനിതാ ഗുസ്തിതാരങ്ങള്‍ ബ്രിജ് ഭൂഷനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയിട്ട് പൊലീസ് എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തിലായിരുന്നു സമരം. രാപകല്‍ സമരം 13ആം ദിവസത്തിലെത്തിയിരിക്കുകയാണ്. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്ന നിലപാടിലാണ് പ്രതിഷേധകർ.