തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; സെൻസൊഡൈൻ ടൂത്ത് പേസ്റ്റ് കമ്പനിക്ക് 10 ലക്ഷം രൂപ പിഴ

'ലോകമെമ്പാടുമുള്ള ഡെന്റിസ്റ്റുകൾ ശിപാർശ ചെയ്യുന്നു', 'വേൾഡ് നമ്പർ വൺ സെൻസിറ്റിവിറ്റി ടൂത്ത് പേസ്റ്റ്' എന്നീ പരസ്യവാചകങ്ങൾക്കെതിരെയാണ് നടപടി.

Update: 2022-03-22 13:24 GMT
Advertising

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന് സെൻസൊഡൈൻ ടൂത്ത് പേസ്റ്റ് കമ്പനിക്ക് ദേശീയ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 10 ലക്ഷം രൂപ പിഴ ചുമത്തി. ഏഴ് ദിവസത്തിനകം പരസ്യങ്ങൾ പിൻവലിക്കാനും നിർദേശിച്ചിട്ടുണ്ട്.

'ലോകമെമ്പാടുമുള്ള ഡെന്റിസ്റ്റുകൾ ശിപാർശ ചെയ്യുന്നു', 'വേൾഡ് നമ്പർ വൺ സെൻസിറ്റിവിറ്റി ടൂത്ത് പേസ്റ്റ്' എന്നീ പരസ്യവാചകങ്ങൾക്കെതിരെയാണ് നടപടി. വിദേശ ദന്തഡോക്ടർമാരുടെ അംഗീകാരം കാണിക്കുന്ന പരസ്യങ്ങൾ നിർത്താൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഫെബ്രുവരി ഒമ്പതിന് ഉത്തരവിട്ടിരുന്നു.

ടെലിവിഷൻ, യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ സെൻസൊഡൈൻ നൽകുന്ന തെറ്റായ പരസ്യങ്ങൾക്കെതിരെ സിസിപിഎ സ്വമേധയാ ആണ് നടപടികൾ ആരംഭിച്ചത്. ഇന്ത്യക്ക് പുറത്ത് യു.കെയിലെ ദന്തഡോക്ടർമാർ പല്ലിന്റെ സെൻസിറ്റിവിറ്റിക്ക് പരിഹാരമായി സെൻസൊഡൈൻ റാപ്പിഡ് റിലീഫ്, സെൻസൊഡൈൻ ഫ്രഷ് ജെൽ എന്നിവയുടെ ഉപയോഗം അംഗീകരിക്കുന്നതായി പരസ്യങ്ങളിൽ പറയുന്നുണ്ട്.

'ലോകമെമ്പാടുമുള്ള ഡെന്റിസ്റ്റുകൾ ശിപാർശ ചെയ്യുന്നു', 'വേൾഡ് നമ്പർ വൺ സെൻസിറ്റിവിറ്റി ടൂത്ത് പേസ്റ്റ്' എന്നീ പരസ്യവാചകങ്ങൾക്ക് വിശദീകരണമായി കമ്പനി സമർപ്പിച്ച് രണ്ട് മാർക്കറ്റ് സർവേകളും ഇന്ത്യൻ ദന്തഡോക്ടർമാരുമായി മാത്രം നടത്തിയതായിരുന്നു. പരസ്യങ്ങളിലെ അവകാശവാദങ്ങളെ സാധൂകരിക്കുന്നതിനോ സെൻസൊഡൈൻ ഉൽപ്പന്നങ്ങളുടെ ലോകമെമ്പാടുമുള്ള ഏതെങ്കിലും പ്രാധാന്യത്തെ സൂചിപ്പിക്കുന്നതിനോ ഒരു സമഗ്രമായ പഠനവും സമർപ്പിക്കാൻ കമ്പനിക്കായില്ല. അതിനാൽ, അവകാശവാദങ്ങൾക്ക് ഏതെങ്കിലും കാരണമോ ന്യായീകരണമോ ഇല്ലെന്ന് ഉപഭോക്തൃസംരക്ഷണ അതോറിറ്റി കണ്ടെത്തി.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News