മഹാനദി ബോട്ടപകടം; ഏഴ് പേര്‍ മരിച്ചു
വെള്ളിയാഴ്ച ബര്‍ഗഡ് ജില്ലയിലെ ബന്ധിപാലിയില്‍ നിന്ന് യാത്രക്കാരെ കയറ്റിയ ബോട്ട് യാത്രാമധ്യേ ഝാര്‍സുഗുഡയിലെ ശാരദാ ഘട്ടിന് സമീപം മറിയുകയായിരുന്നു
ഭുവനേശ്വര്‍: ഒഡീഷയിലെ മഹാനദിയില്‍ ബോട്ട് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്ന് ജില്ലാ കളക്ടര്‍ കാര്‍ത്തികേയ ഗോയല്‍ പറഞ്ഞു
വെള്ളിയാഴ്ച ബര്‍ഗഡ് ജില്ലയിലെ ബന്ധിപാലിയില്‍ നിന്ന് യാത്രക്കാരെ കയറ്റിയ ബോട്ട് യാത്രാമധ്യേ ഝാര്‍സുഗുഡയിലെ ശാരദാ ഘട്ടിന് സമീപം മറിയുകയായിരുന്നു. 50 പേരാണ് ബോട്ടിലുണ്ടായത്. വെള്ളിയാഴ്ച രാത്രി ഒരു മൃതദേഹവും, ശനിയാഴ്ച രാവിലെ, ആറ് മൃതദേഹങ്ങളും കണ്ടെടുത്തു. അപകടത്തെ തുടര്‍ന്ന് ഏഴ് പേരെ കാണാതായതായി മുതിര്‍ന്ന പൊലീസ് ഓഫീസര്‍ ചിന്താമണി പ്രധാനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ഭുവനേശ്വറില്‍ നിന്നുള്ള ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സാണ് തെരച്ചില്‍ നടത്തുന്നത്. സ്‌ക്യൂബാ ഡൈവര്‍മാരും സ്ഥലത്തുണ്ട്. ബോട്ടിന് ലൈസന്‍സില്ലായെന്ന് ബി.ജെ.പി പ്രാദേശിക നേതാവ് സുരേഷ് പൂജാരി ആരോപിച്ചു. 'ബോട്ടിന് അധികാരികള്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല, അതില്‍ ലൈഫ് ഗാര്‍ഡ് ഇല്ലായിരുന്നു' സുരേഷ് പൂജാരിയെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു.