രാഷ്ട്രപതി: പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പ്രതിപക്ഷം, മത്സരിക്കാനില്ലെന്ന് ശരദ് പവാര്‍
പൊതുസ്ഥാനാർഥിയെ നിർത്താനും വിശാല പ്രതിപക്ഷത്തിന് ശ്രമം തുടരാനും യോഗം തീരുമാനിച്ചു
ഡല്‍ഹി: രാഷ്ട്രപതി സ്ഥാനാർഥിയെ തെരഞ്ഞെടുക്കാൻ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നു. രാഷ്ട്രപതി സ്ഥാനാർഥിയാകാനില്ലെന്ന് ശരദ് പവാർ യോഗത്തിൽ അറിയിച്ചു. പൊതുസ്ഥാനാർഥിയെ നിർത്താനും വിശാല പ്രതിപക്ഷത്തിന് ശ്രമം തുടരാനും യോഗം തീരുമാനിച്ചു.
ശരദ് പവാർ സ്ഥാനാർഥിയാകാൻ എല്ലാവരും ആഗ്രഹിച്ചിരുന്നുവെന്ന് മമത പറഞ്ഞു. 22 കക്ഷികളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും 17 കക്ഷികളാണ് പങ്കെടുത്തത്. ബി.ജെ.ഡി, വൈ.എസ്.ആർ.സി.പി, ആം ആദ്മി, എ.ഐ.എം.ഐ.എം, ടി.ആർ.എസ് എന്നീ പാര്‍ട്ടികള്‍ വിട്ടുനിന്നു. ടി.ആർ.എസിനെ അനുനയിപ്പിക്കാൻ നീക്കം നടത്താന്‍ യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ പങ്കെടുത്തവര്‍
1. മമത ബാനർജി (തൃണമൂൽ കോണ്‍ഗ്രസ്)
2. മനോജ് ഝാ (ആർജെഡി)
3. എളമരം കരിം (സിപിഐഎം)
4.എൻ കെ പ്രേമചന്ദ്രൻ (ആർഎസ്പി)
5. ബിനോയ് വിശ്വം ( സിപിഐ)
6. എച്ച് ഡി ദേവഗൗഡ (ജെഡിഎസ്)
7. ഉമർ അബ്ദുള്ള (ജെകെഎൻസി)
8. പ്രിയങ്ക ചതുർവേദി (ശിവസേന)
9. ടി.ആർ ബാലു (ഡിഎംകെ)
10. ഇ.ടി മുഹമ്മദ് ബഷീർ (മുസ്‍ലിം ലീഗ്)
11.മല്ലികാർജ്ജുൻ ഖാർഗെ, ജയറാം രമേഷ് രണ്‍ദീപ് സുർജെവാല (കോണ്‍ഗ്രസ്)
12. അഖിലേഷ് യാദവ്( എസ്‍.പി)
13.മെഹബൂബ മുഫ്തി( ജെകെപിഡിപി)
14.ശരദ് പവാർ, പി സി ചാക്കോ, പ്രഫുൽ പട്ടേൽ ( എൻസിപി)
പ്രതിപക്ഷ നേതൃസ്ഥാനം സ്വയം ഏറ്റെടുക്കാൻ ലക്ഷ്യമിട്ടാണ് മമത യോഗം വിളിച്ചതെന്ന് കോൺഗ്രസും ഇടതു പാർട്ടികളും ആദ്യം സംശയിച്ചിരുന്നു. യോഗം ബഹിഷ്കരിക്കാൻ ഒരു ഘട്ടത്തിൽ ഇടതു പാര്‍ട്ടികള്‍ ആലോചിച്ചെങ്കിലും പ്രതിപക്ഷ ഐക്യം കണക്കിലെടുത്ത് പങ്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു. കോൺഗ്രസ് പങ്കെടുക്കുന്നതിൽ പ്രതിഷേധിച്ചാണ് ടിആർഎസ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. സ്ഥാനാർഥിയെ തീരുമാനിച്ചതിന് ശേഷം നിലപാട് പ്രഖ്യാപിച്ചാൽ മതിയെന്നാണ് ആം ആദ്മിയുടെ നിലപാട്.
സ്ഥാനാർഥിയാകാനില്ലെന്ന് ശരദ് പവാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗുലാം നബി ആസാദിന്റെ പേര് പവാർ മുന്നോട്ട് വെയ്ക്കുകയും ചെയ്തു. പ്രാഥമിക ചർച്ചകളാണ് ഇന്ന് നടന്നത്. അന്തിമ തീരുമാനമെടുക്കാൻ 20, 21 തിയ്യതികളിൽ വീണ്ടും യോഗം ചേരും.