'അജിത് പവാർ എൻ.സി.പി നേതാവ് തന്നെ'; ബി.ജെ.പി സഖ്യത്തിനൊപ്പം ചേർന്ന അജിത്തിനെ പിന്തുണച്ച് ശരദ് പവാർ

ജൂലൈ രണ്ടിനാണ് അജിത് പവാറും എട്ട് എൻ.സി.പി എം.എൽ.എമാരും ഏക്‌നാഥ് ഷിൻഡെ മന്ത്രിസഭക്ക് പിന്തുണ പ്രഖ്യാപിച്ചത്.

Update: 2023-08-25 10:10 GMT
Advertising

പൂനെ: ബി.ജെ.പി സഖ്യത്തിനൊപ്പം ചേർന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ അജിത് പവാറിനെ തള്ളാതെ പാർട്ടി അധ്യക്ഷൻ ശരദ് പവാർ. അജിത് പവാർ പാർട്ടിയുടെ മുതിർന്ന നേതാവും എം.എൽ.എയുമാണെന്ന് ശരദ് പവാറിന്റെ മകളും പാർട്ടി വർക്കിങ് പ്രസിഡന്റുമായ സുപ്രിയ സുലെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് ശരിവെച്ചുകൊണ്ടാണ് ശരദ് പവാറിന്റെ പ്രതികരണം.

ഇപ്പോൾ അജിത് പവാർ പാർട്ടിക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് നിയമസഭാ സ്പീർക്കർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അതിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് എന്നുമായിരുന്നു സുപ്രിയ സുലെ പറഞ്ഞത്.

സുലെയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ അതെ, അതിനെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ആവശ്യമില്ലെന്നായിരുന്നു പവാറിന്റെ പ്രതികരണം. എൻ.സി.പിയിൽ പിളർപ്പുണ്ടെന്ന് എങ്ങനെ പറയാനാകും? അജിത് പവാർ തങ്ങളുടെ നേതാവാണെന്നതിൽ തർക്കമില്ലെന്നും ശരദ് പവാർ പറഞ്ഞു.

''എന്താണ് ഒരു രാഷ്ട്രീയപ്പാർട്ടിയിലെ പിളർപ്പ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? ഒരു പാർട്ടിയിലെ വലിയൊരു വിഭാഗം ദേശീയതലത്തിൽ ഭിന്നിച്ചുപോകുമ്പോഴാണ് പിളർപ്പുണ്ടാകുന്നത്. ഇവിടെ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. ചിലർ പാർട്ടി വിട്ടു, എതാനും പേർ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചു...ജനാധിപത്യത്തിൽ തീരുമാനങ്ങളെടുക്കാൻ സ്വാതന്ത്ര്യമുണ്ട്''-ശരദ് പവാർ പറഞ്ഞു.

ജൂലൈ രണ്ടിനാണ് അജിത് പവാറും എട്ട് എൻ.സി.പി എം.എൽ.എമാരും ഏക്‌നാഥ് ഷിൻഡെ മന്ത്രിസഭക്ക് പിന്തുണ പ്രഖ്യാപിച്ചത്. അജിത് പവാറിന് ഉപമുഖ്യമന്ത്രി പദവിയും ലഭിച്ചിരുന്നു. ബി.ജെ.പിക്കൊപ്പം ചേർന്നെങ്കിലും ശരദ് പവാറിനെ തള്ളിപ്പറയാൻ അജിത് തയ്യാറായിരുന്നില്ല. അജിത്തിന്റെ ഓഫീസിൽ ശരദ് പവാറിന്റെ ചിത്രങ്ങൾ സ്ഥാപിച്ചിരുന്നു. ശരദ് പവാർ അജിത്തുമായി വിവിധ ഘട്ടങ്ങളിൽ ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News