'പുതിയ കോൺഗ്രസ് അധ്യക്ഷനൊപ്പം, വെല്ലുവിളികൾ നേരിടും'; കുറിപ്പുമായി ശശി തരൂർ
തെരഞ്ഞെടുപ്പിൽ തനിക്കൊപ്പം നിന്നവർക്ക് തരൂർ നന്ദി അറിയിച്ചു.
ന്യൂഡൽഹി: അധ്യക്ഷ പദവിയിൽ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂർ. പുതിയ അധ്യക്ഷനൊപ്പം പാർട്ടി നേരിടുന്ന വെല്ലുവിളികളെ നേരിടുമെന്ന് തരൂർ പ്രസ്താവനയിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ തനിക്കൊപ്പം നിന്നവർക്ക് തരൂർ നന്ദി അറിയിച്ചു.
അധ്യക്ഷ തെരഞ്ഞെടുപ്പിൽ തരൂരിന് 1072 വോട്ടുകൾ കിട്ടി. ഖാർഗെയ്ക്ക് 7897 വോട്ടുകളും.
ഒക്ടോബർ 17 (തെരഞ്ഞെടുപ്പ് നടന്ന ദിവസം) ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ യഥാർത്ഥ ആഘോഷമായിരുന്നു. കോൺഗ്രസിന്റെ 9500ലേറെ പ്രതിനിധികൾ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തു. ഇന്ന് മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് അനുകൂലമായ വിധി വന്നിരിക്കുന്നു. വിജയത്തിൽ അദ്ദേഹത്തിന് എന്റെ അനുമദോനങ്ങൾ. തീരുമാനം അന്തിമമാണ്. അത് താഴ്മയായി അംഗീകരിക്കുന്നു. പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാൻ വോട്ടിങ്ങിലൂടെ അവസരം നൽകുന്ന ഈ പാർട്ടിയിൽ അംഗമായിരിക്കുന്നത് തന്നെ പ്രിവിലേജാണ്- തരൂര്‍ കുറിച്ചു.
തെരഞ്ഞെടുപ്പിൽ നിഷ്പക്ഷത പാലിച്ച നെഹ്‌റു കുടുംബത്തിന് പ്രത്യേകം നന്ദി അറിയിക്കുന്നു. കോൺഗ്രസിന്റെ അടിസ്ഥാന സ്തംഭമായി ഈ കുടുംബം ഇനിയുമുണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ. ഈ കുടുംബത്തിന് പൊതുജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുണ്ടെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഭാരത് ജോഡോ യാത്രയുടെ വിജയം.- അദ്ദേഹം കൂട്ടിച്ചേർത്തു.
അസാധ്യമായ ഈ യജ്ഞത്തിൽ ഫലം എന്താകുമെന്നറിയാതെ തനിക്കൊപ്പം നിന്ന എല്ലാ പ്രതിനിധികൾക്കും നന്ദിയുണ്ടെന്നും തരൂർ കുറിച്ചു. വ്യക്തിപരമായി ഏറെ സന്തോഷം നൽകുന്നതാണിത്. ഭാവിയിലും പാർട്ടിയെ നല്ല നിലയിൽ സേവിക്കും. രാജ്യത്തിന്റെ സ്ഥാപകർ വിഭാവനം ചെയ്ത ജനാധിപത്യ മാതൃകയിലേക്ക് രാജ്യത്തെ എത്തിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. ബഹുസ്വരതയ്ക്ക് മേൽ ഭരണകക്ഷി അഴിച്ചുവിടുന്ന ആക്രമണങ്ങളെ പുതുനിശ്ചയത്തോടെ നേരിടേണ്ടതുണ്ട്- തരൂർ കൂട്ടിച്ചേർത്തു.