കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിച്ചേക്കും
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നിരവധി സ്ഥാനാര്‍ഥികളുണ്ടാകുമെന്ന് ശശി തരൂര്‍ ഒരു ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നു
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ എം.പിയും മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നിരവധി സ്ഥാനാര്‍ഥികളുണ്ടാകുമെന്ന് ശശി തരൂര്‍ ഹിന്ദു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നു. ഇതോടെയാണ് തരൂരും മത്സര രംഗത്തുണ്ടാകുമെന്ന അഭ്യൂഹം പരന്നത്.
കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ളയാള്‍ സ്ഥാനാര്‍ഥിയായാല്‍ ജി-23 സംഘത്തിന്‍റെ പ്രതിനിധിയായി ശശി തരൂരോ മനീഷ് തിവാരിയോ മത്സരിച്ചേക്കുമെന്ന സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു. തരൂർ മത്സരത്തിനൊരുക്കമല്ലെങ്കിൽ മാത്രമാകും മനീഷ് തിവാരി ഇറങ്ങുക. ഇതിൽ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും ചർച്ച സജീവമാണ്. ഗാന്ധി കുടുംബത്തിൽനിന്ന് ആരെങ്കിലുമാണ് അധ്യക്ഷസ്ഥാനത്തേക്ക് വരുന്നതെങ്കിൽ ജി-23 നേതാക്കൾ മത്സരത്തിന് ഉണ്ടാകില്ല.
അധ്യക്ഷസ്ഥാനത്തേക്ക് മാത്രമല്ല, പ്രവർത്തകസമിതിയിലേക്കും തെരഞ്ഞെടുപ്പ് വേണമെന്ന് ശശി തരൂർ മുമ്പ് ആവശ്യപ്പെട്ടിരുന്നു. സംഘടനാ പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ട് 2020ൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച ജി23 നേതാക്കളിൽ ഒരാളാണ് ശശി തരൂർ. കോൺഗ്രസിന്‍റെ പുനർജീവനത്തിന് പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നത് ആവശ്യമാണന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒക്ടോബർ 17നാണ് തെരഞ്ഞെടുപ്പ് . ഒരു സ്ഥാനാർഥി മാത്രമാണുള്ളതെങ്കിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയതിയായ ഒക്ടോബർ എട്ടിന് തന്നെ കോണ്‍ഗ്രസിന്‍റെ പുതിയ സാരഥിയെ അറിയാം.
എന്നാല്‍ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഗുണകരമാകുമെന്ന് പറഞ്ഞെങ്കിലും മത്സരരംഗത്തിറങ്ങുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം തരൂര്‍ നല്‍കിയില്ല. അതേക്കുറിച്ച് ഇപ്പോള്‍ വേറൊന്നും പറയാനില്ലെന്നായിരുന്നു തരൂരിന്‍റെ മറുപടി. മഹത്തായ പാരമ്പര്യമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒരു കുടംബത്തിന് മാത്രമേ നയിക്കാനാകൂ എന്ന തരത്തില്‍ വിശ്വാസത്തെ പരിമിതപ്പെടുത്തരുതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.