യോഗി സദ്ഭരണം എന്തെന്ന് കേരളത്തെ കണ്ടുപഠിക്കണം: ശശി തരൂര്‍

'യോഗി ആദിത്യനാഥ് ആരോഗ്യ സുരക്ഷ മാത്രമല്ല, സദ്ഭരണവും എല്ലാവരെയും ഉൾപ്പെടുത്തിയുള്ള രാഷ്ട്രീയവും എന്തെന്ന് കേരളത്തെ കണ്ടുപഠിക്കണം'

Update: 2021-12-28 06:46 GMT
Advertising

നീതി ആയോഗിന്‍റെ ദേശീയ ആരോഗ്യ വികസന സൂചികയിൽ കേരളം ഒന്നാമത്തെത്തിയതിനു പിന്നാലെ കേരളത്തെ അഭിനന്ദിച്ചും ഉത്തർപ്രദേശ് സർക്കാരിനെ പരിഹസിച്ചും കോൺഗ്രസ് എം.പി ശശി തരൂർ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്താണ് ട്വീറ്റ്.

"യോഗി ആദിത്യനാഥ് ആരോഗ്യ സുരക്ഷ മാത്രമല്ല, സദ്ഭരണവും എല്ലാവരെയും ഉൾപ്പെടുത്തിയുള്ള രാഷ്ട്രീയവും എന്തെന്ന് കേരളത്തെ കണ്ടുപഠിക്കണം. അങ്ങനെയെങ്കിൽ രാജ്യത്തിനു ഗുണം ഉണ്ടാകും. ഇല്ലെങ്കിൽ എല്ലാവരെയും അവരുടെ നിലവാരത്തിലേക്ക് അവർ വലിച്ചു താഴെയിടും"- ശശി തരൂർ ട്വീറ്റ് ചെയ്തു.

ആരോഗ്യ സുരക്ഷ എന്തെന്ന് കേരളം യുപിയെ കണ്ടു പഠിക്കണമെന്ന് യോഗി ആദിത്യനാഥ് 2017ല്‍ പറയുകയുണ്ടായി. ആ വാര്‍ത്തയും തരൂര്‍ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2019-2020 വർഷങ്ങളിലെ ആരോഗ്യ രംഗത്തെ പുരോഗതിയും ചികിത്സാ രംഗത്ത് കൈവരിച്ച നേട്ടങ്ങളുമാണ് കേരളത്തെ ഒന്നാം സ്ഥാനത്തെത്തിച്ചത്. തമിഴ്നാടും തെലങ്കാനയുമാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ആരോഗ്യ സൂചികയിൽ ഏറ്റവും പിന്നിൽ ഉത്തർപ്രദേശാണ്.

നേരത്തെ ശശി തരൂര്‍ മുഖ്യമന്ത്രിയെ പുകഴ്ത്തിയത് കോണ്‍ഗ്രസില്‍ വിമര്‍ശനങ്ങള്‍ക്കു കാരണമായിരുന്നു. മുഖ്യമന്ത്രി കേരളത്തിന്‍റെ വികസനത്തിന് തടസ്സം നിൽക്കുന്ന കാര്യങ്ങളെ മാറ്റാൻ ശ്രമിക്കുകയാണെന്നാണ് തരൂര്‍ പറഞ്ഞത്. കെ റെയിലിനെതിരെ യുഡിഎഫ് എംപിമാര്‍ നിവേദനം നല്‍കിയപ്പോള്‍ തരൂര്‍ ഒപ്പുവെയ്ക്കാതിരുന്നതും കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തിയുണ്ടാക്കി. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News