കായികതാരങ്ങളുടെ ജാതിയും മതവും നോക്കി അഭിപ്രായം പറയുന്നവർ നാടിന്‍റെ ശാപം: ശശി തരൂർ എം.പി
മുഹമ്മദ് ഷമിക്ക് പിന്തുണയുമായി ശശിതരൂര്‍
കായികതാരങ്ങളുടെ ജാതിയും മതവും നോക്കി അഭിപ്രായം പറയുന്നവർ നാടിന്‍റെ ശാപമാണെന്ന് ശശി തരൂർ എം പി. പാകിസ്താനോടേറ്റ പരാജയത്തിന്‍റെ പേരിൽ ഇന്ത്യൻ ക്രിക്കറ്റർ മുഹമ്മദ് ഷമി നേരിടുന്ന സൈബർ ആക്രമണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് ഷമിക്ക് പിന്തുണയുമായി താൻ ഒപ്പമുണ്ടെന്നും ശശി തരൂർ ദുബൈയിൽ മീഡിയവണിനോട് പറഞ്ഞു.
'മത്സരങ്ങളിൽ ജയവും പരാജയവും ഉണ്ടാകുമെന്ന പോലെ കായികതാരത്തിന് നല്ല ദിവസവും മോശം ദിവസവുമുണ്ടാകും. കളിക്കാരുടെ മതം നോക്കി അതിനോട് പ്രതികരിക്കുന്നത് മാന്യതയില്ലായ്മയാണ്. രാഷ്ട്രീരംഗത്തുള്ളവർ ഇതിനോട് പ്രതികരിക്കാതിരുന്നിട്ടില്ല. രാഹുൽഗാന്ധിയും താനും ഇക്കാര്യത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി കഴിഞ്ഞു'. ശശിതരൂര്‍ പറഞ്ഞു. മുഹമ്മദ് ഷമിക്ക് ഒപ്പമാണ് താനുള്ളത്. അദ്ദേഹം ഇതിനൊന്നും ചെവി കൊടുക്കാതെ നന്നായി കളിക്കുകയാണ് വേണ്ടത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷമിക്ക് പിന്തുണയുമായി നിരവധി പേരാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ഷമിക്ക് പിന്തുണയറിയിച്ച് രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. മുഹമ്മദ് ഷമിക്കൊപ്പം ഞങ്ങൾ എല്ലാവരുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. '' നിങ്ങളെ അധിക്ഷേപിക്കുന്നത് വെറുപ്പ് കൊണ്ടാണ്, കാരണം അവർക്ക് ആരും സ്‌നേഹം നൽകിയിട്ടില്ലല്ലോ, അതുകൊണ്ട് അവരോട് ക്ഷമിച്ചേക്കുക ''- രാഹുൽ കുറിച്ചു.