ശിവസേനയിൽ ഭിന്നത രൂക്ഷം; ഉദ്ധവ്-ഷിൻഡെ പക്ഷക്കാർ തമ്മിൽ സംഘർഷം
എംപി രാജൻ വിചാരെ, താക്കറെയുടെ ക്യാമ്പിൽ നിന്നുള്ള ജില്ലാ പ്രസിഡന്റ് കേദാർ ദിഗെ, മുൻ മേയറും ഷിൻഡെ ക്യാമ്പിന്റെ വക്താവുമായ നരേഷ് മഹാസ്‌കെ എന്നിവരാണ് ഏറ്റുമുട്ടിയത്.
മുംബൈ: ശിവസേനയിൽ ഉദ്ധവ് താക്കറെ- ഏക്‌നാഥ് ഷിൻഡെ പക്ഷങ്ങൾ തമ്മിലുള്ള തർക്കം പ്രവർത്തകരുടെ പരസ്യ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നു. ചൊവ്വാഴ്ച താനെയിൽവെച്ചും ഇരുപക്ഷത്തെയും പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. പ്രാദേശിക പാർട്ടി ഓഫീസിനെ ചൊല്ലിയാണ് ഏറ്റുമുട്ടൽ.
താക്കറെ പക്ഷക്കാർ പാർട്ടി ഓഫീസിൽനിന്ന് ഒരു പോസ്റ്റർ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്‌നങ്ങളുടെ തുടക്കം. പൊലീസെത്തിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. സംഘർഷത്തെ തുടർന്ന് പാർട്ടി ഓഫീസ് പൊലീസ് പൂട്ടി.
എംപി രാജൻ വിചാരെ, താക്കറെയുടെ ക്യാമ്പിൽ നിന്നുള്ള ജില്ലാ പ്രസിഡന്റ് കേദാർ ദിഗെ, മുൻ മേയറും ഷിൻഡെ ക്യാമ്പിന്റെ വക്താവുമായ നരേഷ് മഹാസ്‌കെ എന്നിവരാണ് ഏറ്റുമുട്ടിയത്. ഈ മാസം ഇത് രണ്ടാം തവണയാണ് താക്കറെ വിഭാഗത്തിലെ പാർട്ടി പ്രവർത്തകരും ഷിൻഡെയുടെ പക്ഷക്കാരും തമ്മിൽ സംഘർഷമുണ്ടാകുന്നത്.
സെപ്തംബർ 11 ന് ഗണേഷ് ഘോഷയാത്രയ്ക്കിടെ ഷിൻഡെയുടെ വിഭാഗവുമായി താക്കറെ പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. അന്ന് താക്കറെയുടെ വിഭാഗത്തിലെ അഞ്ച് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.