ടിക്കറ്റ് നിഷേധിച്ച ഷിൻഡെ ശിവസേന എംഎൽഎ ശ്രീനിവാസ് വംഗയെ കാണാനില്ല: തെരഞ്ഞ് പൊലീസ്

നിലവിലെ എല്ലാ എംഎല്‍എമാര്‍ക്കും ഷിന്‍ഡെ വിഭാഗം സീറ്റ് നല്‍കിയപ്പോള്‍ വംഗയ്ക്ക് മാത്രം നിഷേധിച്ചു

Update: 2024-10-29 09:22 GMT
Editor : rishad | By : Web Desk

ശ്രീനിവാസ് വംഗ- ഏക്നാഥ് ഷിന്‍ഡെ

Advertising

മുംബൈ: ടിക്കറ്റ് നിഷേധിച്ചതിന് പിന്നാലെ എംഎല്‍എയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം. ഏക്നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേന എംഎല്‍എ ശ്രീനിവാസ് വംഗയെയാണ് തിങ്കളാഴ്ച മുതൽ കാണാനില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കുന്നത്. നിലവിലെ എല്ലാ എംഎല്‍എമാര്‍ക്കും ഷിന്‍ഡെ വിഭാഗം സീറ്റ് നല്‍കിയപ്പോള്‍ ഇദ്ദേഹത്തിന് മാത്രം നിഷേധിച്ചു. 

പാല്‍ഘറില്‍ നിന്നുള്ള എംഎല്‍എയാണ് ശ്രീനിവാസ് വംഗ. സീറ്റ് നിഷേധിച്ചതിന് പിന്നാലെ അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ഭക്ഷണം കഴിച്ചിരുന്നില്ലെന്നും കരഞ്ഞിരിക്കുകയായിരുന്നുവെന്നുമാണ് ഭാര്യ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ആരെയും അറിയിക്കാതെ വീട്ടില്‍ നിന്ന് പോയെന്നും ഭാര്യ പറയുന്നു. അദ്ദേഹത്തിന്റെ രണ്ടു മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ആണ്.

അന്തരിച്ച ബിജെപി എം.പി ചിന്താമൻ വംഗയുടെ മകനാണ് ശ്രീനിവാസ് വംഗ. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാൽഘറിൽ (പട്ടികവർഗം) നിന്ന് അവിഭക്ത ശിവസേനയുടെ സ്ഥാനാർത്ഥിയായാണ് അദ്ദേഹം വിജയിച്ചത്. പിളര്‍പ്പിന് പിന്നാലെ ഏക്നാഥ് ഷിന്‍ഡെ പക്ഷത്തോടൊപ്പം ചേര്‍ന്നു. പാൽഘർ സീറ്റിലേക്ക് തന്നെ വീണ്ടും പരിഗണിക്കുമെന്ന് വംഗ പ്രതീക്ഷിച്ചിരുന്നുവെങ്കിലും മുൻ എംപി രാജേന്ദ്ര ഗാവിത്തിനാണ് പാര്‍ട്ടി ടിക്കറ്റ് നല്‍കിയത്. ഉദ്ധവ് താക്കറെയ്‌ക്കെതിരായ 'കലാപത്തിൽ' ഏതാനും എംഎൽഎമാരെ ഷിൻഡെ പക്ഷത്താക്കാന്‍ പ്രയത്നിച്ച നേതാവാണ് രാജേന്ദ്ര ഗാവിത്ത്. 

തിങ്കളാഴ്ച, മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, വംഗ തന്റെ അതൃപ്തി വ്യക്തമാക്കിയിരുന്നു. കൂറു പുലർത്തിയിട്ടും ഷിൻഡെ വഞ്ചിച്ചതായി വംഗ പറഞ്ഞു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ കൂട്ടുപിടിച്ച് അദ്ദേഹത്തിന്റെ പാർട്ടിയിൽ ചേർന്നത് വലിയ തെറ്റായിപ്പോയെന്നും ഉദ്ധവ് താക്കറെയോട് മാപ്പ് ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. വികാരാധീനനായാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത് തന്നെ. അതേസമയം ആഭ്യന്തര സര്‍വേഫലം പ്രതികൂലമായതിനാലാണ് സീറ്റ് നിഷേധിച്ചത് എന്നാണ് വംഗയോട് നേതാക്കള്‍ വ്യക്തമാക്കിയത്.

അതിനിടെ ബിജെപി മത്സരിക്കുന്ന ദഹാനു സീറ്റ് വാഗ്ദാനം ചെയ്ത് അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമം നടന്നെങ്കിലും ഫലിച്ചില്ല. ബിജെപിയുടെ സീറ്റ് വിട്ടുനല്‍കാന്‍ അവരും തയ്യാറായില്ല. വിനോദ് മേധയ്ക്കാണ് ഈ സീറ്റ് നല്‍കിയത്. അതേസമയം, ഷിൻഡെയുടെ നേതൃത്വത്തിലുള്ള സേനയുടെ നേതാക്കൾ വംഗയെ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമാക്കുമെന്ന് വാഗ്ദാനം നൽകി അനുനയിപ്പിക്കാൻ ശ്രമിക്കുന്നുന്നുണ്ട്. അതിനിടെയാണ് അദ്ദേഹത്തെ കാണാനില്ലെന്ന് കുടുംബം പറയുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News