പ്രതിപക്ഷ സഖ്യത്തിനായുള്ള മമതയുടെ നീക്കത്തില്‍ കോൺഗ്രസിൽ അസ്വസ്ഥത
ബി.ജെ.പിക്കെതിരെ പോരാടാനായി കോൺഗ്രസിതര പ്രതിപക്ഷ നേതാക്കളെയാണ് മമത സന്ദർശിക്കുന്നത്
പ്രതിപക്ഷ സഖ്യത്തിനായുള്ള ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നീക്കത്തിൽ കോൺഗ്രസിൽ അസ്വസ്ഥത പടരുന്നു. യു.പി.എ മുന്നണി ഇല്ലെന്നു മമത പറഞ്ഞതാണ് പുതിയ വിവാദം. ബി.ജെ.പിക്കെതിരെ പോരാടാനായി കോൺഗ്രസിതര പ്രതിപക്ഷ നേതാക്കളെയാണ് മമത സന്ദർശിക്കുന്നത്.
എൻ.സി.പി അധ്യക്ഷൻ ശരത് പവാറുമായുള്ള മമതയുടെ കൂടിക്കാഴ്ച രണ്ടു മണിക്കൂറോളം ഇന്നലെ നീണ്ടു. നഷ്ടപ്രതാപം അയവിറക്കുകയും വിറ്റുപോയ പാടശേഖരം ഇപ്പോഴും തന്‍റേതാണെന്നു കരുതുന്ന ജന്മിയെ പോലെയാണ് കോൺഗ്രസ് എന്ന് കഴിഞ്ഞ മാസമാണ് ശരത് പവാർ പറഞ്ഞത്. പുറമെ പറയുന്നില്ലെങ്കിൽ പോലും കോൺഗ്രസിന്‍റെ പോക്കിൽ പവാറിനും അത്ര തൃപ്തി പോരാ. മഹാരാഷ്ട്ര സർക്കാരിൽ എൻ.സി.പിയും കോൺഗ്രസും സഖ്യകക്ഷികളാണ്. ഈ ബന്ധത്തിൽ ഉലച്ചിൽ തട്ടരുത് എന്നു പവറിനു നിർബന്ധമുള്ളത് കൊണ്ടാണ് കടുത്ത നിലപാടിലേക്ക് പോകാതിരിക്കുന്നത്. ഇതിനിടയിൽ മോദിയെ വ്യക്തിപരമായി എതിർക്കുന്ന ബി.ജെ.പി നേതാക്കളെയും മമത സന്ദർശിക്കുന്നുണ്ട്. ഡൽഹിയിൽ എത്തിയപ്പോൾ സോണിയ ഗാന്ധിയെ കാണാൻ കൂട്ടാക്കാതെ, സുബ്രഹ്മണ്യ സ്വാമിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.
മോദിയോട് പോരാടാൻ രാഹുൽ ഗാന്ധി പ്രാപ്തനല്ലെന്നു തൃണമൂൽ കോൺഗ്രസിന്‍റെ മുഖപത്രം എഴുതിയ ശേഷമാണ് മമത ഡൽഹിയിൽ എത്തിയത്. മേഘാലയയിൽ 12 എം.എൽ.എമാർ കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേർന്നതാണ് ബന്ധം കൂടുതൽ വഷളാക്കിയത്. ബംഗാളിലെ ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് കെട്ടിവെച്ച കാശ് പോലും നഷ്ടമായതോടെയാണ് മോദിക്കൊത്ത പോരാളിയായി മമതയെ തൃണമൂൽ കൂടുതൽ ഉയർത്തിക്കാട്ടാൻ തുടങ്ങിയത്. പ്രാദേശിക പാർട്ടികൾ ഒരുമിച്ചു നിന്നാൽ ബി.ജെ.പിയെ താഴെയിറക്കാമെന്നാണ് മമത പറയുന്നു. കോൺഗ്രസിനെ ഒഴിവാക്കി ബി.ജെ.പിയെ താഴെയിറക്കാമെന്നത് സ്വപ്നം മാത്രമാണ് എന്നായിരുന്നു കോൺഗ്രസിന്‍റെ പ്രതികരണം.