'വി.ഐ.പി സംസ്‌കാരം വിട്ട് ജനങ്ങളിലേക്കിറങ്ങണം'; മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി യോഗി ആദിത്യനാഥ്

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ യോഗി ആദിത്യനാഥിനെ പ്രത്യേകമായി ബി.ജെ.പി നേതൃത്വം ഡല്‍ഹിയിലേക്കു വിളിപ്പിച്ചിരുന്നു

Update: 2024-06-09 09:52 GMT
Editor : Shaheer | By : Web Desk
Advertising

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ തോല്‍വിക്കു പിന്നാലെ മന്ത്രിമാര്‍ക്ക് ഉപദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വി.ഐ.പി സംസ്‌കാരം ഒഴിവാക്കി ജനങ്ങളിലേക്ക് ഇറങ്ങണമെന്നായിരുന്നു നിര്‍ദേശം. ലഖ്‌നൗവില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു യോഗി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ യു.പി മുഖ്യമന്ത്രിയെ പ്രത്യേകമായി ബി.ജെ.പി നേതൃത്വം ഡല്‍ഹിയിലേക്കു വിളിപ്പിച്ചിരുന്നു.

താഴേക്കിടയിലുള്ള പ്രശ്‌നങ്ങള്‍ സൂക്ഷ്മമായി പരിഹരിക്കാനായി ജനങ്ങളുമായി ബന്ധം സ്ഥാപിക്കണം. വികസന പ്രവൃത്തികള്‍ വേഗത്തിലാക്കാനായി സംസ്ഥാനത്തിനു കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും ലഭിക്കുന്നുണ്ട്. പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനാണു സര്‍ക്കാര്‍ നോക്കുന്നത്. ജനങ്ങള്‍ക്കിടയിലിറങ്ങി ആവശ്യമായ കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിക്കണമെന്നും യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിട്ടുണ്ട്.

മന്ത്രിമാര്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനങ്ങളെ അറിയിക്കാന്‍ ഈ മാധ്യമങ്ങള്‍ ഉപയോഗിക്കണം. തങ്ങളുടെ വകുപ്പുകളുടെ പ്രവര്‍ത്തനം നിരന്തരമായി വിലയിരുത്തണം. പദ്ധതികള്‍ നടപ്പാക്കാനായി കേന്ദ്രമന്ത്രിമാരുമായി സഹകരിച്ചും മുന്നോട്ടുപോകണമെന്നും യോഗി ആദിത്യനാഥ് മന്ത്രിമാരോട് ആവശ്യപ്പെട്ടു.

ഇത്തവണ യു.പിയില്‍ എന്‍.ഡി.എ 64ല്‍നിന്ന് 36ലേക്കു കൂപ്പുകുത്തിയിരുന്നു. ഇന്‍ഡ്യ സഖ്യം 43 സീറ്റും പിടിച്ചു. യു.പിയിലെ പ്രകടനം ബി.ജെ.പി നേതൃത്വത്തെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്.

Summary: '''Shun VIP culture, reach out to people'', UP CM Yogi Adityanath tells ministers

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News