"മുണ്ടക്കൈയിൽ ധനസഹായം വൈകില്ല, ധനമന്ത്രിയുമായി നടത്തിയ ചർച്ച പോസിറ്റീവ്"; കെ.വി തോമസ്
എത്ര തുക അനുവദിക്കണമെന്ന് തീരുമാനിക്കുക സംസ്ഥാന, കേന്ദ്രസംഘ റിപ്പോർട്ടുകൾ പഠിച്ച്
ഡൽഹി: മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ കേന്ദ്രസഹായം വൈകിലെന്ന് കേന്ദ്രം പറഞ്ഞതായി ഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധി പ്രൊ. കെ.വി തോമസ്. ധനമന്ത്രി നിർമല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമയബന്ധിതമായി തീരുമാനമെടുക്കുമെന്ന് ധനമന്ത്രി ഉറപ്പുനൽകിയെന്നും കൂടിക്കാഴ്ച പോസിറ്റീവായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സംഘത്തിന്റെയും സംസ്ഥാനസർക്കാറിന്റെയും റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്, ഇത് കാബിനറ്റ് സബ് കമ്മിറ്റി സമയബന്ധിതമായി തീരുമാനിക്കുമെന്നാണ് പറഞ്ഞത്.
കെ.വി തോമസിനെ വിളിച്ചുവരുത്തിയാണ് ധനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാനത്തിന്റെയും കേന്ദ്രസംഘത്തിന്റെയും റിപ്പോർട്ടുകൾ കൂടാതെ ധനമന്ത്രാലയത്തിന്റെയും ആഭ്യന്തരമന്ത്രാലയത്തിന്റെയും സബ് കമ്മിറ്റി റിപ്പോർട്ടുകൾ കൂടി ലഭ്യമാകാനുണ്ട്. റിപ്പോർട്ടുകൾ പഠിച്ചതിന് ശേഷം മാത്രമേ എത്ര തുക അനുവദിക്കണമെന്ന് തീരുമാനിക്കൂ.