സിംഗു അതിർത്തിയിലെ കൊലപാതകം; പങ്കില്ലെന്ന് കർഷക സംഘടനകൾ
ഇന്ന് രാവിലെയാണ് സിംഗുവിലെ കര്‍ഷക സമര സ്ഥലത്ത് യുവാവിനെ കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്
സിംഗു അതിർത്തിയിൽ യുവാവിനെ കൊന്നു കെട്ടിതൂക്കിയ സംഭവത്തിൽ സംയുക്ത കിസാൻ മോർച്ച അന്വേഷണം ആവശ്യപ്പെട്ടു. കൊലപാതകത്തിൽ കർഷക സംഘടനകൾക്ക് പങ്കില്ല. ഏതന്വേഷണവുമായും കർഷകർ സഹകരിക്കുമെന്നും കിസാൻ മോർച്ച നേതാക്കൾ പറഞ്ഞു. നിഹാങ്കുകൾക്ക് സമരവുമായി ബന്ധമില്ലെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു.
ഇന്ന് രാവിലെയാണ് സിംഗുവിലെ കര്‍ഷക സമര സ്ഥലത്ത് യുവാവിനെ കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. പൊലീസ് ബാരിക്കേഡിലാണ് മൃതദേഹം തൂക്കിയിട്ടത്. സിഖ് മതഗ്രന്ഥത്തെ അവഹേളിച്ചതിന്റെ പേരില്‍ കൊന്ന് കെട്ടിതൂക്കിയതാണെന്നാണ് സംശയമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുരു ഗ്രന്ഥ് സാഹിബിനെ അവഹേളിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊലയാളികളെ തിരിച്ചറിഞ്ഞെന്ന് ഹരിയാന പൊലീസ്
സിംഗു അതിർത്തിയിലെ കൊലപാതകത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി ഹരിയാന പൊലീസ് അറിയിച്ചു. കൊലയാളികളെ തിരിച്ചറിഞ്ഞതായും വേഗത്തിൽ അറസ്റ്റുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.