പിടിമുറുക്കി സി.ബി.ഐ; സിസോദിയയെ വീണ്ടും ചോദ്യം ചെയ്യും
കെജരിവാളിന്റെ ഗുജറാത്ത് പര്യടനം നാളെ ആരംഭിക്കും
ഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. കൂട്ടുപ്രതികളെ ചോദ്യം ചെയ്ത ശേഷമായിരിക്കും സിസോദിയയെ വിളിപ്പിക്കുക. കേന്ദ്ര ഏജൻസികൾ ആം ആദ്മി പാർട്ടി നേതാക്കളെ വരിഞ്ഞു മുറുക്കി തുടങ്ങിയതോടെ ഗുജറാത്തിൽ മറുപടി പറയാമെന്ന കണക്കുകൂട്ടലിലാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ.
മനീഷ് സിസോദിയെ ഒപ്പം കൂട്ടിയുള്ള കെജരിവാളിന്റെ ഗുജറാത്ത് പര്യടനം നാളെ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മനാടായ ഭാവ്‌നഗറിലെ ആം ആദ്മി സമ്മേളനത്തിൽ പങ്കെടുക്കും. ഗുജറാത്തിലെത്തി ചെറുപ്പക്കാരുടെ സമ്മേളനങ്ങളിലായിരിക്കും കെജരിവാളും സിസോദിയയും കൂടുതലും പങ്കെടുക്കുക. മദ്യനയ അഴിമതി കേസിന്റെ എഫ് ഐ ആറിൽ പ്രതിചേർക്കപ്പെട്ടവരിൽ അഞ്ച് പേരെ ഇന്നലെ വിളിച്ചുവരുത്തി സിബിഐ ചോദ്യം ചെയ്തിരുന്നു. എക്‌സൈസ് ഉദ്യോഗസ്ഥർ, മദ്യകമ്പനി ഉടമകൾ, ഇടനിലക്കാർ എന്നിവരെ ചോദ്യം ചെയ്ത ശേഷമായിരിക്കും സിസോദിയയെ വിളിപ്പിക്കുക.
ഡൽഹി സർക്കാരിലെ 12 സിവിൽ സർവീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന സംസ്ഥാന സർക്കാരിനെ സമ്മർദത്തിലാക്കുന്നുണ്ട്. സി.ബി.ഐയിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇ.ഡിയുടെ അന്വേഷണം കൂടിയാകുന്നതോടെ ആം ആദ്മിയുടെ നിലതെറ്റുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനിനു ശേഷം സിസോദിയായയിലേക്ക് കൂടി അന്വേഷണ ഏജൻസികൾ എത്തുമ്പോൾ ബിജെപി വിരുദ്ധ പോരാട്ടത്തിന്റെ മുൻ നിരയിൽ സ്വയം പ്രതിഷ്ഠിക്കാനാണ് ആം ആദ്മി പദ്ധതി. ഇത് വഴി ദേശീയ തലത്തിൽ കൂടുതൽ വോരോട്ടമുണ്ടാക്കാനും ശ്രമിക്കുന്നു.കോൺഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ കക്ഷികളുടെ പിന്തുണ ലഭിച്ചതോടെ കേന്ദ്ര സർക്കാരിനെതിരെയുള്ള പോരാട്ടം കൂടുതൽ ശക്തമാക്കാനാണ് കെജരിവാളിന്റെ തീരുമാനം.