യെച്ചൂരിക്ക് മൂന്നാമൂഴം; എ വിജയരാഘവന്‍ പി.ബിയില്‍

ബംഗാളിലും ത്രിപുരയിലും പാർട്ടിയെ തിരിച്ചുകൊണ്ടുവരിക എന്നത് ഉള്‍പ്പെടെ ഉത്തരവാദിത്വങ്ങളേറെ

Update: 2022-04-10 08:03 GMT
Advertising

കണ്ണൂര്‍: തുടർച്ചയായി മൂന്നാം തവണയും സീതാറാം യെച്ചൂരി സി.പി.എം ജനറൽ സെക്രട്ടറി. പ്രായപരിധി നിബന്ധനയുടെ പേരിൽ എസ്. രാമചന്ദ്രൻ പിള്ള, ഹന്നൻ മുള്ള, ബിമൻ ബസു എന്നിവർ പൊളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിവായി. എസ് രാമചന്ദ്രൻ പിള്ളയുടെ ഒഴിവിലേക്ക് കേരളത്തിൽ നിന്ന് എ.വിജയരാഘവൻ പി.ബിയിൽ എത്തും.

സി.പി.എം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് സീതാറാം യെച്ചൂരി വീണ്ടും പാർട്ടിയുടെ നേതൃ പദവിയിലെത്തുന്നത്. ബംഗാളിലും ത്രിപുരയിലും പാർട്ടിയെ തിരിച്ചുകൊണ്ടു വരുന്നതിനൊപ്പം, ലോക്സഭാ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകൾ നേടിയെടുക്കുക എന്ന ഉത്തരവാദിത്വം കൂടി യെച്ചൂരിക്ക് മുന്നിലുണ്ട്.

2015ൽ വിശാഖപട്ടണത്ത് നടന്ന ഇരുപത്തിയൊന്നാം പാർട്ടി കോൺഗ്രസിൽ ആണ് സിപിഎമ്മിന്‍റെ സാരഥ്യം ആദ്യമായി സീതാറാം യെച്ചൂരി ഏറ്റെടുത്തത്. എസ് രാമചന്ദ്രൻ പിള്ളയെ ജനറൽ സെക്രട്ടറി ആക്കാനുള്ള കേരള ഘടകത്തിന്‍റെ നീക്കം മറികടന്നായിരുന്നു യെച്ചൂരിയുടെ സ്ഥാനാരോഹണം. 2018 ഹൈദരാബാദിൽ നടന്ന പാർട്ടി കോൺഗ്രസിൽ വീണ്ടും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ കാര്യമായ എതിർപ്പുകൾ ഉയർന്നില്ല. ജനറല്‍ സെക്രട്ടറി പദവിയിലേക്കുള്ള മൂന്നാം വരവും ഏറെക്കുറെ അനായാസമായിട്ടാണ്.

കേന്ദ്രനേതൃത്വം നിർജീവമായെന്ന കേരള ഘടകത്തിന്‍റെ വിമർശനങ്ങൾ നിലനിൽക്കെ ജനറല്‍ സെക്രട്ടറിയുടെ മുന്നിൽ വെല്ലുവിളികൾ ഏറെയാണ്. തകർന്നടിഞ്ഞ ബംഗാളിലും ത്രിപുരയിലും പാർട്ടിയുടെ ജീവശ്വാസം വീണ്ടെടുക്കണം. രണ്ടു വർഷത്തിനപ്പുറം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് മേൽവിലാസം ഉണ്ടാക്കണം. കോൺഗ്രസിനെ ഒഴിവാക്കിയുള്ള സഖ്യ രൂപീകരണത്തിന് പാർട്ടി കോൺഗ്രസ് അംഗീകാരം നൽകിയതോടെ അഖിലേന്ത്യാ അടിസ്ഥാനത്തിൽ ഇടതുപക്ഷ ബദലിന് നേതൃത്വം നൽകണം. അക്കാരണത്താൽ അടുത്ത മൂന്നു വർഷം സിപിഎമ്മിനും യെച്ചൂരിയും ഏറെ നിർണായകമാണ്. 

1952 ഓഗസ്റ്റ് 12ന് തെലങ്കാനയിൽ ആണ് സീതാറാം യെച്ചൂരി ജനിച്ചത്. എസ്.എഫ്.ഐയിലൂടെ 1974ൽ രാഷ്ട്രീയ പ്രവർത്തനത്തിന് ആരംഭം. ജെഎൻയുവിൽ പഠിക്കാൻ അടിയന്തരാവസ്ഥയ്ക്കെതിരെ സമരം നടത്തി ജയിലിലായി. അതേ കാലയളവിൽ തന്നെ മൂന്നു തവണ ജെഎൻയു യൂണിയൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. 1978ല്‍ എസ്എഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്‍റ് ആയി. 85ൽ സിപിഎമ്മിന്‍റെ കേന്ദ്ര കമ്മിറ്റിയിലേക്ക് എത്തിയ യെച്ചൂരി, 1992ൽ നാല്‍പ്പതാം വയസ്സിൽ പി.ബിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

രാജ്യസഭാ എംപി ആയിരിക്കെ പാർലമെന്‍റിൽ നടത്തിയ സജീവ ഇടപെടലുകളിലൂടെ പ്രതിപക്ഷത്തിന്‍റെ ദേശീയ മുഖമായി മാറി. രാജ്യസഭയിലേക്കുള്ള യെച്ചൂരിയുടെ മൂന്നാമൂഴം സിപിഎം നിഷേധിച്ചപ്പോൾ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ എതിർപ്പുയർത്തിയതും അതുകൊണ്ടുതന്നെ. വാഗ്മിയും നയതന്ത്രജ്ഞനുമായ യെച്ചൂരി നേപ്പാളിൽ മാവോയിസ്റ്റുകളെ ജനാധിപത്യത്തിന്‍റെ പാതയിലേക്ക് നയിക്കുന്നതിനായി മധ്യസ്ഥൻ എന്ന നിലയിൽ നടത്തിയ ഇടപെടലുകൾ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News