ഹിമാചലിൽ അയോഗ്യരാക്കപ്പെട്ട ആറ് കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ

മൂന്ന് സ്വതന്ത്ര എം.എൽ.എമാരും ബി.ജെ.പി അംഗത്വം സ്വീകരിച്ചിട്ടുണ്ട്

Update: 2024-03-23 10:39 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ അയോഗ്യരാക്കപ്പെട്ട ആറ് വിമത കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെയും ഹിമാചൽ മുൻ മുഖ്യമന്ത്രി ജയ് റാം താക്കൂറിന്റെയും സാന്നിധ്യത്തിൽ ഡൽഹിയിൽ വെച്ചാണ് എം.എൽ.എമാർ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. കോൺഗ്രസ് എം.എൽ.എമാർക്ക് പുറമെ മൂന്ന് സ്വതന്ത്ര എം.എൽ.എമാരും ബി.ജെ.പി അംഗത്വം സ്വീകരിച്ചിട്ടുണ്ട്. 

കോൺഗ്രസ് എംഎൽഎമാരായ സുധീർ ശർമ, ഇന്ദർ ദത്ത് ലഖൻപാൽ, രവി താക്കൂർ, ചേതന്യ ശർമ, രജീന്ദർ റാണ, ദേവീന്ദർ കുമാർ ഭൂട്ടോ, സ്വതന്ത്ര എം.എൽ.എമാരായ ഹോഷിയാർ സിംഗ്,ആശിഷ് ശർമ,കെ.എൽ താക്കൂർ എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

കോൺഗ്രസ് എംഎൽഎമാരായ സുധീർ ശർമ, ഇന്ദർ ദത്ത് ലഖൻപാൽ, രവി താക്കൂർ, ചേതന്യ ശർമ, രജീന്ദർ റാണ, ദേവീന്ദർ കുമാർ ഭൂട്ടോ എന്നിവർ ഫെബ്രുവരി 29-നാണ് അയോഗ്യരാക്കപ്പെട്ടത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ കൂറുമാറി ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ട് ചെയ്തതിനാണ് ആറുപേരെയും അയോഗ്യരാക്കിയത്. ഫെബ്രുവരി 27 ന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി ഹർഷ് മഹാജനെ പിന്തുണച്ചവരാണ് മൂന്ന് സ്വതന്ത്ര എം.എൽ.എമാർ.

നേരത്തെ കോൺഗ്രസിനെ പിന്തുണച്ചിരുന്നുവെങ്കിലും അർഹമായ പരിഗണന ലഭിച്ചിരുന്നില്ലെന്ന് സ്വതന്ത്ര എം.എല്‍.എമാര്‍ പറയുന്നു.  സ്വന്തം നിയോജക മണ്ഡലങ്ങളിൽ ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നതിൽ ബുദ്ധിമുട്ട് നേരിടുകയാണ്. ബിജെപിയിൽ ചേരുന്നത് ബോധപൂർവമായ തീരുമാനമാണെന്നും അവർ വ്യക്തമാക്കി.

നിലവിൽ കോൺഗ്രസിന് സ്പീക്കർ ഉൾപ്പെടെ 34 അംഗങ്ങളും ബിജെപിക്ക് 25 എംഎൽഎമാരുമാണ് ഉള്ളത്. എം.എല്‍.എമാർ അയോഗ്യരാക്കപ്പെട്ടതിനെ തുടർന്ന് ആറ് മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

summary:Six disqualified Congress MLAs in Himachal Pradesh join BJP

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News