സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
ജില്ലാ റിസർവ് ഗാർഡിന്റെയും സിആർപിഎഫ് ഉദ്യോഗസ്ഥരുടെയും സംയുക്ത സൈനിക നീക്കത്തിലൂടെയാണ് മാവോയിസ്റ്റുകളെ കീഴ്‌പ്പെടുത്തിയത്.
ഛത്തീസ്ഖഢ്-തെലങ്കാന അതിർത്തിയിൽ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് സ്ത്രീകളടക്കം ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢ് സുക്മ ജില്ലയിലെ കിസ്താറാം പ്രദേശത്തെ വനത്തിൽ രാവിലെ 6 നും 7 നും ഇടയിലാണ് ഏറ്റുമുട്ടലുണ്ടായത്. ജില്ലാ റിസർവ് ഗാർഡിന്റെയും സിആർപിഎഫ് ഉദ്യോഗസ്ഥരുടെയും സംയുക്ത സൈനിക നീക്കത്തിലൂടെയാണ് മാവോയിസ്റ്റുകളെ കീഴ്‌പ്പെടുത്തിയത്. എന്നാൽ മാവോയിസ്റ്റുകൾക്കെതിരെയുള്ള ഓപ്പറേഷൻ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
മുമ്പ് മാരകമായ ആക്രമണങ്ങൾ അഴിച്ചുവിട്ട കിസതാരം ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള മാവോയിസ്റ്റുകൾക്കെതിരെ കനത്ത തിരിച്ചടിയാണ് നൽകിയതെന്ന് സുക്മ പൊലീസ് സൂപ്രണ്ട് സുനിൽ ശർമ്മ പറഞ്ഞു. സുക്മയിൽ മാവോയിസ്റ്റുകളുടെ അഞ്ച് ഏരിയ കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്, കഴിഞ്ഞ ആറ് മാസത്തിനിടെ കേർലാപാൽ, കോണ്ട ഏരിയ കമ്മിറ്റികളുടെ പ്രവർത്തനങ്ങളെ ഒരു പരിധി വരെ ഇല്ലായ്മ ചെയ്യുന്നതിൽ സുരക്ഷാ സേന വിജയിച്ചിട്ടുണ്ട്, ശർമ്മ കൂട്ടിച്ചേർത്തു.
ഇപ്പോൾ കിസ്താരം കമ്മിറ്റി പൂർണമായും സൈനികർക്ക് മുന്നിൽ കീഴടങ്ങിയതിനാൽ അടുത്ത ലക്ഷ്യം മറ്റു രണ്ടു കമ്മിറ്റികളെ കീഴടക്കലാണെന്നും സുരക്ഷ സേന മുന്നറിയിപ്പ് നൽകി. സൈനിക ഏറ്റുമുട്ടലുകൾക്ക് ഇനിയും സാധ്യതയുള്ളതിനാൽ പ്രദേശത്തെ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.