മണിപ്പൂരിൽ സുരക്ഷ ശക്തമാക്കി പൊലീസും കേന്ദ്രസേനയും
വിവിധങ്ങളിൽ പൊലീസ് പരിശോധന ശക്തമാണ്
ഇംഫാല്‍: കലാപം തുടരുന്ന മണിപ്പൂരിൽ സുരക്ഷ ശക്തമാക്കി പൊലീസും കേന്ദ്രസേനയും. വിവിധങ്ങളിൽ പൊലീസ് പരിശോധന ശക്തമാണ്. കഴിഞ്ഞ ദിവസം നടന്ന അക്രമങ്ങളിലെ പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.
ഒരിടവേളക്ക് ശേഷം മണിപ്പൂരിൽ വീണ്ടും സംഘർഷവും കൊലപാതകം ഉണ്ടായതോടെ കർശന ജാഗ്രത പുലർത്താനാണ് സർക്കാർ പൊലീസിനും കേന്ദ്രസേനക്കും നിർദ്ദേശം നൽകിയിരിക്കുന്നത്. സംഘർഷങ്ങൾ തടയാൻ ആവശ്യമായിട്ടുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്. വാഹന പരിശോധനകൾ ഉൾപ്പെടെ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
തൗബാലിൽ മുസ്‌ലിം വിഭാഗമായ മെയ്തെയ് പംഗലുകൾ താമസിക്കുന്നിടത്ത് പൊലീസ് യൂണിഫോമിലെത്തിയ ആക്രമികളാണ് വെടിയുതിർത്തത്. നാലുപേർ കൊല്ലപ്പെടുകയും ചെയ്തു. ഇതിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. മണിപ്പൂരിൽ സംഘർഷത്തിൽ പങ്കാളികളല്ലാത്ത പംഗൽ വിഭാഗക്കാർക്ക് നേരെ ഇത് ആദ്യമായാണ് ആക്രമണം. അതുകൊണ്ട് വിഷയം ഗൗരവമായി സർക്കാർ അന്വേഷിക്കണം എന്നാണ് ആവശ്യം. മ്യാൻമർ വഴിയുള്ള വിദേശ ശക്തികളുടെ ഇടപെടലുകളെക്കുറിച്ച് സംശയമുണ്ടെന്നും മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും തുടരുകയാണ്. എട്ടുമാസമായി മണിപ്പൂരിൽ തുടർന്ന് സംഘർഷത്തിൽ സർക്കാർ കണക്കിൽ 180 പേർ മരിക്കുകയും അരലക്ഷത്തിലധികം പേർ ഭവനരഹിതരാവുകയും ചെയ്തു.