കയ്യിൽ പണമില്ല; യു.പി.ഐ വഴി ബില്ലടച്ച സൈനികർക്ക് ക്രൂരമർദ്ദനം
മനാലിയിൽ സംഘടിപ്പിച്ച മാരത്തണിൽ വിജയിച്ച് മടങ്ങിയ സൈനികർക്കാണ് മർദ്ദനമേറ്റത്
പഞ്ചാബ്: ഭക്ഷണത്തിന്റെ ബില്ലിനെത്തുടർന്നുണ്ടായ തർക്കത്തിൽ ആർമി മേജറിനും 16 ജവാന്മാർക്കും മർദ്ദനമേറ്റതായി പരാതി. പഞ്ചാബിലെ മനാലി-റോപർ റോഡിൽ തിങ്കളാഴ്ചയായിരുന്നു സംഭവം.
മനാലിയിൽ സംഘടിപ്പിച്ച മാരത്തണിൽ പങ്കെടുത്ത് മടങ്ങവെ ലഡാക്ക് സ്‌കൗട്ട്‌സിലെ മേജർ സച്ചിൻ സിംങ് കുന്താലും 16 പട്ടാളക്കാരും അത്താഴത്തിനായി വഴിയിൽ കണ്ട ദാബയിൽ കയറുകയായിരുന്നു. ഭക്ഷണം കഴിച്ചിറങ്ങിയ സംഘം യു.പി.ഐ വഴി പണമടക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് സംഘർഷം. യു.പി.ഐ വഴി പണമടച്ചാൽ നികുതി ഈടാക്കും, അതിനാൽ ബിൽ പണമായി അടക്കണം എന്നായിരുന്നു ദാബ ഉടമയുടെ ആവശ്യം. എന്നാൽ തങ്ങളുടെ കയ്യിൽ പണമില്ല, യു.പി.ഐ വഴി പണമടക്കുക മാത്രമേ നിർവാഹമുള്ളുവെന്ന് സൈനികർ ഉടമയോട് പറഞ്ഞു.
ബാർകോഡ് സ്‌കാൻ ചെയ്ത സൈനികർ ഭക്ഷണത്തിന്റെ ബില്ലടച്ചു. എന്നാൽ ഉടമ വീണ്ടും പണമാവശ്യപ്പെടുകയായിരുന്നു. ഇതിനുപിന്നാലെയാണ് സംഘർഷത്തിന്റെ തുടക്കം. കടയുടമയുടെ നേതൃത്വത്തിൽ 35 പേരോളമടങ്ങുന്ന സംഘം ഇരുമ്പുദണ്ഡുകളും വടികളുമുപയോഗിച്ച് മേജറിനെയും ജവാന്മാരെയും ആക്രമിക്കുകയായിരുന്നു.
സൈനികരെ മർദ്ദിച്ചവശരാക്കിയ ശേഷം അക്രമികൾ സ്ഥലംവിട്ടു. ജവാന്മാരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, മേജറിന്റെ തലയ്ക്കും കൈകൾക്കും ഗുരുതര പരിക്കുകളുണ്ട്.
സംഭവത്തില് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത പൊലീസ്, ദാബ ഉടമയും മാനേജറുൾപടെ നാലുപേരെ അറസ്റ്റ് ചെയ്തു. ശേഷിക്കുന്നവർക്കായി പൊലീസ് അന്വേഷണം നടത്തിവരികയാണ്.