അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ സെബി അന്വേഷണം, ഓഹരി വില ഇടിഞ്ഞു
ധനകാര്യ സഹമന്ത്രിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലകള്‍ രണ്ടു മുതല്‍ അഞ്ച് ശതമാനം വരെ താഴ്ന്നു
ചട്ടലംഘനം നടത്തിയതിന് അദാനി ഗ്രൂപ്പിന്റെ ചില കമ്പനികളില്‍ സെബിയും (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) കസ്റ്റംസ് അധികൃതരും അന്വേഷണം നടത്തുന്നതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. പാർലമെന്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അദാനി ഗ്രൂപ്പിലെ കമ്പനികള്‍ സെബിയുടെ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന അന്വേഷണമാണ് സെബി നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
എന്‍ഫോഴ്സ്മെന്റ് വകുപ്പ് കമ്പനികള്‍ക്കെതിരെ അന്വേഷണം നടത്തുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ധനകാര്യ സഹമന്ത്രിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലകള്‍ രണ്ടു മുതല്‍ അഞ്ച് ശതമാനം വരെ താഴ്ന്നു. അദാനി ഗ്രൂപ്പിലെ ആറ് കമ്പനികളാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അദാനി എന്റര്‍പ്രൈസസ്, അദാനി ട്രാന്സ്മിഷന്, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി പോര്‍ട്സ്, അദാനി പവര്‍ എന്നിവയാണവ.