സോണിയ, അഖിലേഷ്, യെച്ചൂരി, ഫാറൂഖ് അബ്ദുല്ല; പ്രതിപക്ഷ നേതൃനിരയെ അണിനിരത്തി സ്റ്റാലിൻ
മഹുവ മൊയ്ത്ര എംപിയാണ് ടിഎംസിയെ പ്രതിനിധീകരിച്ചെത്തിയത്
ന്യൂഡൽഹി: പ്രതിപക്ഷ നേതാക്കളുടെ സംഗമ വേദിയായി ഡൽഹിയിലെ ഡിഎംകെ ഓഫീസിന്റെ ഉദ്ഘാടനച്ചടങ്ങ്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല തുടങ്ങിയ നിരവധി നേതാക്കൾ വേദിയിൽ ഒന്നിച്ചു.
തൃണമൂൽ കോൺഗ്രസ്, ടിഡിപി, സിപിഐ, ബിജെഡി, ശിരോമണി അകാലിദൾ നേതാക്കളും ചടങ്ങിനെത്തിയിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിൽ സോണിയാ ഗാന്ധിയാണ് ഓഫീസിന്റെ ഒരുഭാഗം ഉദ്ഘാടനം ചെയ്തത്. ഓഫീസിലെ വിളക്കിൽ ആദ്യം നാളം പകർന്നതും സോണിയയായിരുന്നു. തമിഴ്‌നാട്ടിൽ ഡിഎംകെയുടെ സഖ്യകക്ഷിയാണ് കോൺഗ്രസ്.
മഹുവ മൊയ്ത്ര എംപിയാണ് ടിഎംസിയെ പ്രതിനിധീകരിച്ചെത്തിയത്. ടിഡിപിയിൽ നിന്ന് രാംമോഹൻ നായിഡു, കെ രവീന്ദ്രകുാമർ, സിപിഐയിൽനിന്ന് ഡി രാജ, ബിജെഡിയിൽനിന്ന് അമർ പട്‌നായിക്, ശിരോമണി അകാലിദളിന്റെ ഹർസിമ്രത് ബാദൽ എന്നിവരും ചടങ്ങിനെത്തി. സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ അടക്കം നിരവധി ഡിഎംകെ നേതാക്കളും സന്നിഹിതരായിരുന്നു.
അന്തരിച്ച മുൻ മുഖ്യമന്ത്രി എം കരുണാനിധിയെ കുറിച്ചുള്ള, കരുണാനിധി എ ലൈഫ് എന്ന പുസ്തകവും ചടങ്ങിൽ പ്രകാശിതമായി. അണ്ണാ കലൈഞ്ജർ അറിവാലയം എന്നാണ് ഓഫിസിന്റെ പേര്.
മോദി സർക്കാറിനെതിരെ പ്രതിപക്ഷ ഐക്യനിര രൂപപ്പെടുത്താനുള്ള ചർച്ചകൾ സജീവമാകുന്നതിനിടെയാണ് ഓഫീസ് ഉദ്ഘാടനം. 24 എംപിമാരുള്ള ഡിഎംകെ ലോക്‌സഭയിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയാണ്. പ്രതിപക്ഷ നിരയിലെ രണ്ടാമനും.