അശോക് ഗെഹ്‌ലോട്ട് കോൺഗ്രസ് അധ്യക്ഷനാകണം; സോണിയ ഗാന്ധി
അധ്യക്ഷനാകാൻ ഇല്ലെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞദിവസം ആവർത്തിച്ചിരുന്നു.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് കോൺഗ്രസ് അധ്യക്ഷനാകണമെന്ന് നിലവിലെ അധ്യക്ഷ സോണിയ ഗാന്ധി. സോണിയയുമായി ഇന്നലെ ഗെഹ്‌ലോട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് അധ്യക്ഷനാകണം എന്ന ആവശ്യം സോണിയ ഗാന്ധി മുന്നോട്ടുവച്ചത്. എന്നാൽ വിഷയത്തിൽ ഗെഹ്‌ലോട്ട് പ്രതികരിച്ചിട്ടില്ല.
അധ്യക്ഷനാകാൻ ഇല്ലെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞദിവസം ആവർത്തിച്ചിരുന്നു. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാൾ അധ്യക്ഷനാകട്ടെ എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് രാഹുൽ. ഇതേ നിലപാടാണ് ജി23 ക്കും ഉള്ളത്. ഈ സാഹചര്യത്തിലാണ് അശോക് ഗെഹ്‌ലോട്ടിന്റെ പേര് സജീവ ചർച്ചയാകുന്നത്.
ഇതിലൂടെ കുടുംബാധിപത്യം എന്ന വിമർശനത്തിന്റെ മുന ഒടിക്കാമെന്നും കോൺഗ്രസ് കണക്ക് കൂട്ടുന്നു. അശോക് ഗെഹ്‌ലോട്ടിനെ ഡൽഹിയിൽ എത്തിച്ച ശേഷം സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കാനും ആലോചനയുണ്ട്. ഈ നീക്കത്തോട് ഗെഹ്‌ലോട്ട് താല്പര്യം പ്രകടിപ്പിച്ചിട്ടില്ല.
അതേസമയം, കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് തിയതി അംഗീകരിക്കാനുള്ള പ്രവർത്തക സമിതി യോഗം 28ന് ചേരും. ചികിത്സക്കായി സോണിയ ഗാന്ധി വിദേശത്ത് പോകുന്നതിനാൽ ഓൺലൈനാണ് യോഗം.