സോനു സൂദിന്റെ സഹോദരി പഞ്ചാബ് തെരഞ്ഞെടുപ്പിൽ മത്സരിക്കും
ഏത് പാർട്ടിയുടെ ഭാഗമായാണ് മത്സര രംഗത്തിറങ്ങുകയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല
ബോളിവുഡ് താരം സോനു സൂദിന്റെ സഹോദരി മാളവിക സൂദ് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ചണ്ഡീഗഢിൽനിന്ന് 170 കിലോമീറ്റർ അകലെയുള്ള മോഗയിൽനിന്നാണ് മാളവിക ജനവിധി തേടുകയെന്നാണ് വിവരം. സോനു സൂദ് തന്നെയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. എന്നാല്‍, ഏത് പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് മാളവിക മത്സരിക്കുന്നതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
ഈയടുത്താണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയുമായി സോനു കൂടിക്കാഴ്ച നടത്തിയത്. വാക്സിനേഷൻ അംബാസിഡറായി പ്രഖ്യാപിക്കാൻ മുൻ മുഖ്യമന്ത്രി അമരീന്ദർ സിങും സോനുവിനെ ചണ്ഡീഗഢിലേക്ക് വിളിപ്പിച്ചിരുന്നു. ഈ സമയത്ത് സഹോദരി മാളവികയെ അമരീന്ദറിന് പരിചയപ്പെടുത്തി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് മാളവിക രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന അഭ്യൂഹങ്ങളും പരന്നത്.
നേരത്തേ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും സോനു സൂദ് കൂടിക്കാഴ്ച നടത്തിയിരുന്നു. സ്കൂൾ വിദ്യാർഥികൾക്കായി ആരംഭിച്ച പദ്ധതിയിൽ ബ്രാൻഡ് അംബാസിഡറായി സോനുവിനെ തെരഞ്ഞെടുത്തതിന്‍റെ ഭാഗമായായിരുന്നു ഇത്. ഇതിനു ശേഷം സോനു എ.എ.പിയിൽ ചേരുമെന്നും അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും വാര്‍ത്തകള്‍ വന്നു. എന്നാൽ, ഇരുവരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ രാഷ്ട്രീയ ചർച്ചകളുണ്ടായിരുന്നില്ലെന്നായിരുന്നു സോനു പിന്നീട് പ്രതികരിച്ചത്.
Sonu Sood's sister Malvika to contest Punjab elections, to declare party's name ലെറ്റർ. Sood said at a press conference at his home in Moga