വിനേഷ് ഫോഗട്ടിന്‍റെ മെഡൽ നഷ്ടം രാഷ്ട്രീയ തിരിച്ചടിയാകാതിരിക്കാൻ തിരക്കിട്ട നീക്കവുമായി കേന്ദ്രം

ഫോഗട്ടിനെ വലിയ പോരാളിയെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി സാധ്യമായതെല്ലാം ചെയ്യാൻ ഒളിമ്പിക്സ് അസോസിയേഷന് നിർദേശം നൽകി

Update: 2024-08-07 15:51 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: വിനേഷ് ഫോഗട്ടിന്‍റെ മെഡൽ നഷ്ടം വീഴ്ചയോ , വീഴ്ത്തിയതോയെന്ന ചർച്ച ചൂടുപിടിക്കുമ്പോൾ രാഷ്ട്രീയ തിരിച്ചടിയാകാതിരിക്കാൻ തിരക്കിട്ട നീക്കവുമായി കേന്ദ്രം. ഫോഗട്ടിനെ വലിയ പോരാളിയെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി സാധ്യമായതെല്ലാം ചെയ്യാൻ ഒളിമ്പിക്സ് അസോസിയേഷന് നിർദേശം നൽകി. പിന്നിൽ ഗൂഢാലോചന നടന്നോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്‍റില്‍ നിന്ന് ഇറങ്ങിപ്പോയി.

സഹതാരങ്ങളോടുള്ള ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായിരുന്ന ബ്രിജ്ഭൂഷൺ സിങ്ങിന്‍റെ ലൈംഗിക അതിക്രമങ്ങൾക്കെതിരെ ഡൽഹിയിൽ ദിവസങ്ങളോളം നീണ്ട പ്രതിഷേധം. കേന്ദ്രസർക്കാരിന്‍റെ ഭാഗത്ത് നിന്നുൾപ്പെടെ നേരിടേണ്ടി വന്ന അപമാനം. റോഡിലൂടെയുള്ള വലിച്ചിഴക്കൽ. സർക്കാരിന് മുന്നിൽ തോൽക്കാതെയുള്ള പോരാട്ടം. പ്രതിഷേധിക്കാൻ ഇറങ്ങിയപ്പോൾ അവരുടെ ഭാവിയെക്കുറിച്ച് ആശങ്ക ഉണ്ടായിരുന്നതേയില്ല. വനിതാ താരങ്ങളുടെ അഭിമാനമായിരുന്നു അവരുടെ ഏകലക്ഷ്യം.

ഒടുവിൽ സ്വർണത്തിന് അടുത്തെത്തിയപ്പോൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞ്, വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതില്‍ ഗൂഢാലോചനയുണ്ടെന്ന വാദം ശക്തമായി. ഈ വാദങ്ങളെ തള്ളാൻ സർക്കാർ ഒന്നടങ്കം ചടുലനീക്കങ്ങളാണ് നടത്തുന്നത്. വിനേഷ് ജേതാക്കളുടെ ജേതാവ് ആണെന്നും അഭിമാനതാരത്തെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി അയോഗ്യത പുറത്തുവന്നയുടൻ പ്രതികരിച്ചു. പിന്നീട് രാഷ്ട്രപതിയും അഭ്യന്തരമന്ത്രിയും തുടങ്ങി കേന്ദ്രമന്ത്രിമാർ വിനേഷിന് പിന്തുണയുമായെത്തി. സംഭവിച്ചത് എന്തെന്ന് വ്യക്തമാക്കണെമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ലോക്സഭയിൽ ബഹളം വെച്ചതോടെയാണ് കേന്ദ്ര കായിക മന്ത്രി സഭയിൽ പ്രസ്താവന നടത്തിയത്.

എന്നാൽ വിനേഷിന് വേണ്ടി ചെലവിട്ട കണക്ക് നിരത്തിയുള്ള പ്രസ്താവന ഇന്ന് വേണ്ടായിരുന്നുവെന്നുവെന്ന് പറഞ്ഞ പ്രതിപക്ഷം, പ്രസ്താവനയിൽ തൃപ്തരാകാതെ ഇരുസഭയിൽ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി. ബ്രിജ് ഭൂഷണ്‍ സിങ് ഒളിമ്പിക്സ് സ്വപ്നങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചെന്ന് നേരത്തേ വിനേഷ് ഫോഗട്ട് തന്നെ ആരോപണമുന്നയിച്ചിരുന്നു. ഇന്ത്യയ്ക്കെതിരെ ഗൂഢാലോചനയുണ്ടെന്ന് മുൻ ഒളിമ്പിക് ബോക്സിങ് താര വിജേന്ദര്‍ സിങും കോണ്‍ഗ്രസ് എം.പി. രണ്‍ദീപ് സിങ് സുര്‍ജെവാലയും ആരോപിച്ചു. നടപടിയിൽ വിനേഷിന്‍റെ കുടുബം ദുഃഖം രേഖപ്പെടുത്തി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News