അംബേദ്കർക്കെതിരായ പരാമർശം; അമിത് ഷാക്കെതിരെ അവകാശലംഘന നോട്ടീസ്

അംബേദ്കറെ അപമാനിച്ച അമിത് ഷാ മാപ്പ് പറയണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നു.

Update: 2024-12-18 11:17 GMT
Advertising

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ അവകാശലംഘന നോട്ടീസ്. ചൊവ്വാഴ്ച പാർലമെന്റിൽ ഭരണഘടനാ ശിൽപിയായ ബി.ആർ അംബേദ്കർക്കെതിരായ പരാമർശത്തിലാണ് ടിഎംസി എംപി ഡെറിക് ഒബ്രിയാൻ നോട്ടീസ് നൽകിയത്. അമിത് ഷായുടെ പ്രസ്താവന അംബേദ്കറെ അപമാനിക്കുന്നതും സഭയുടെ അന്തസിനെ ഇടിക്കുന്നതുമാണെന്ന് ഡെറിക് ഒബ്രിയാൻ പറഞ്ഞു. പാർലമെന്റ് ചട്ടങ്ങൾക്ക് വിരുദ്ധമായ പ്രസ്താവന നടത്തിയ അമിത് ഷാക്കെതിരെ നടപടിയെടുക്കണമെന്നും ഒബ്രിയാൻ ആവശ്യപ്പെട്ടു.

'ഇന്ത്യൻ ഭരണഘടനയുടെ 75 വർഷത്തെ മഹത്തായ യാത്ര' എന്ന ചർച്ചക്ക് പാർലമെന്റിൽ മറുപടി നൽകുമ്പോഴായിരുന്നു ഷായുടെ വിവാദ പരാമർശം. അംബേദ്കറുടെ പേര് പറയുന്നത് കോൺഗ്രസിനിപ്പോൾ ഫാഷനായെന്നും ഭരണഘടനയെ കോൺഗ്രസ് ഒരു കുടുംബത്തിന്റെ സ്വകാര്യ സ്വത്തായി കണക്കാക്കുകയും അധികാരത്തിൽ തുടരാൻ അത് ഭേദഗതി വരുത്തുകയും ചെയ്‌തെന്നും ഷാ കുറ്റപ്പെടുത്തിയിരുന്നു.

''അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ എന്ന് പറയുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇത്രയും തവണ ദൈവനാമം ചൊല്ലിയിരുന്നെങ്കിൽ അവർക്ക് സ്വർഗത്തിൽ പോകാമായിരുന്നു''-ഇതായിരുന്നു അമിത് ഷായുടെ പരാമർശം.

അംബേദ്കറെ അപമാനിച്ച അമിത് ഷാ മാപ്പ് പറയണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൊവ്വാഴ്ച തന്നെ ആവശ്യപ്പെട്ടിരുന്നു. തുടക്കം മുതൽ ഇന്ത്യൻ ഭരണഘടനക്ക് പകരം മനുസ്മൃതി നടപ്പാക്കാനാണ് ആർഎസ്എസ് ആഗ്രഹിച്ചത്. ബിജെപിയും ആർഎസ്എസും ത്രിവർണ പതാകക്ക് എതിരാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ആഭ്യന്തര മന്ത്രിയുടെ അംബേദ്കർ അധിക്ഷേപ പരാമർശമെന്നും ഖാർഗെ പറഞ്ഞിരുന്നു.

മനുസ്മൃതിയിൽ വിശ്വസിക്കുന്നവർക്ക് തീർച്ചയായും അംബേദ്കറുമായി പ്രശ്‌നമുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News