ഉമർ ഖാലിദിന് താത്കാലിക ജാമ്യം

ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഏഴ് ദിവസത്തേക്കാണ് ഡൽഹിയിലെ വിചാരണക്കോടതി ജാമ്യം അനുവദിച്ചത്.

Update: 2024-12-18 10:48 GMT
Advertising

ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ ഗൂഢാലോചനാക്കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജെഎൻയു വിദ്യാർഥി നേതാവ് ഉമർ ഖാലിദിന് താത്കാലിക ജാമ്യം. ഏഴ് ദിവസത്തേക്കാണ് ഡൽഹി കോടതി ജാമ്യം അനുവദിച്ചത്. യുഎപിഎ ചുമത്തപ്പെട്ട ഉമർ ഖാലിദ് 2020 സെപ്തംബർ മുതൽ ജയിലിലാണ്. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനാണ് അഡീഷണൽ സെഷൻസ് ജഡ്ജി സമീർ ബാജ്‌പെയ് ഉമർ ഖാലിദിന് ജാമ്യം അനുവദിച്ചത്.

കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളുമായി ബന്ധപ്പെടരുത്, സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുത്, ബന്ധുക്കളെയും സുഹൃത്തുകളെയും മാത്രമേ കാണാവൂ തുടങ്ങിയവയാണ് നിബന്ധനകൾ. രണ്ട് ആൾ ജാമ്യവും 20,000 രൂപ കെട്ടിവെക്കുകയും വേണം.

2022 ഒക്ടോബറിൽ ഡൽഹി ഹൈക്കോടതി ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചിരുന്നു. തുടർന്ന് സുപ്രിംകോടതിയെ സമീപിച്ചെങ്കിലും പിന്നീട് ഹരജി പിൻവലിച്ചു. ഈ വർഷം ആദ്യത്തിൽ സ്ഥിരജാമ്യം തേടി വീണ്ടും വിചാരണക്കോടതിയെ സമീപിച്ചെങ്കിലും കോടതി നിരസിച്ചു. സ്ഥിരജാമ്യം തേടിയുള്ള രണ്ടാമത്തെ ഹരജി തള്ളിയത് ചോദ്യം ചെയ്ത് ഉമർ ഖാലിദ് സമർപ്പിച്ച ഹരജി നിലവിൽ ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

2020ൽ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യപ്പെട്ട കേസിൽ ഉമർ ഖാലിദിനെ കൂടാതെ താഹിർ ഹുസൈൻ, ഖാലിദ് സെയ്ഫി, ഇഷാറത് ജഹാൻ, മീരാൻ ഹൈദർ, ഗുൽഫിഷ ഫാത്തിമ, ഷിഫാഉറഹ്‌മാൻ, ആസിഫ് ഇഖ്ബാൽ തൻഹ, ഷദാബ് അഹമ്മദ്, തസ് ലീം അഹമ്മദ്, സലീം മാലിക്, മുഹമ്മദ് സലീം ഖാൻ, അതാർ ഖാൻ, സഫൂറ സർദാർ, ഷർജീൽ ഇമാം, ഫൈസാൻ ഖാൻ, നടാഷ നർവാൾ എന്നിവരെയും പ്രതിചേർത്തിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News