‘ശ്രീരാമൻ മാംസാഹാരിയായിരുന്നു’; എൻസിപി നേതാവിന്റെ പ്രസ്താവനയെ ചൊല്ലി വിവാദം
‘ഇന്ത്യയിലെ ജനസംഖ്യയുടെ 80 ശതമാനവും മാംസാഹാരികളാണ്, അവർ ശ്രീരാമന്റെ ഭക്തരുമാണ്’
ന്യൂഡൽഹി: ശ്രീരാമൻ മാംസാഹാരിയാണെന്ന എൻസിപി നേതാവും എംഎൽഎയുമായ ജിതേന്ദ്ര അവ്ഹദിന്റെ പ്രസ്താവനയെച്ചൊല്ലി വിവാദം. ബുധനാഴ്ച മഹാരാഷ്ട്രയിലെ ശ്രിദ്ദിയിൽ നടന്ന പരിപാടിയിലാണ് എൻസിപിയുടെ ശരദ് പവാർ ക്യാമ്പിൽ ഉൾപ്പെട്ട ജിതേന്ദ്ര വിവാദ പ്രസ്താവന നടത്തിയത്.
‘ഭഗവാൻ ശ്രീരാമൻ ബഹുജനമായ നമ്മളിൽ ഉൾപ്പെടുന്നു. അദ്ദേഹം മൃഗങ്ങളെ വേട്ടയാടി ഭക്ഷിച്ചിരുന്നു. ശ്രീരാമനെ മാതൃകയാക്കി എല്ലാവരെയും വെജിറ്റേറിയനാക്കാനാണ് അവർ ശ്രമിക്കുന്നത്. എന്നാൽ ശ്രീരാമൻ സസ്യാഹാരിയായിരുന്നില്ല. അദ്ദേഹം മാംസാഹാരിയായിരുന്നു. 14 വർഷം കാട്ടിൽ താമസിച്ച ഒരാൾ സസ്യാഹാരം കണ്ടെത്താൻ എവിടെ പോകും?’ ജിതേന്ദ്ര പറഞ്ഞു.
അയോധ്യയിൽ പുതിയ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ജനുവരി 22ന് നടക്കാനിരിക്കെയാണ് ഇദ്ദേഹത്തിന്റെ പ്രസ്താവന വരുന്നത്. ജിതേന്ദ്ര അവ്ഹദ് മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ബിജെപിയടക്കം രംഗത്തുവന്നു.
എൻസിപി അജിത് പവാർ വിഭാഗം പ്രവർത്തകർ ബുധനാഴ്ച രാത്രി ജിതേന്ദ്രയുടെ വീട്ടിലേക്ക് മാർച്ച് നടത്തി മുദ്രാവാക്യം വിളിച്ചു. ഇതോടെ വീടിന് മുന്നിൽ പോലീസ് അധിക സേനയെ വിന്യസിച്ചിട്ടുണ്ട്.
പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്നും ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയതിന് കേസ് കൊടുക്കുമെന്നും ബി.ജെ.പി എം.എൽ.എ രാം കദം അറിയിച്ചു.
‘ബാലാസാഹേബ് താക്കറെ ജീവിച്ചിരുന്നെങ്കിൽ ഇന്നത്തെ സാമ്‌ന പത്രം രാമനെ മാംസാഹാരിയെന്ന് വിളിച്ചവരോട് കടുത്ത ഭാഷയിൽ സംസാരിക്കുമായിരുന്നു. എന്നാൽ, ഇന്നത്തെ യാഥാർത്ഥ്യം എന്താണ്? ശ്രീരാമനെ കുറിച്ച് ആർക്കും എന്തും പറയാം, ആർക്കും ഹിന്ദുക്കളെ കളിയാക്കാം. അവർ കാര്യമാക്കുന്നില്ല. അവ ഐസ് പോലെ മരവിച്ചിരിക്കുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് വരുമ്പോൾ അവർ ഹിന്ദുത്വയെക്കുറിച്ച് സംസാരിക്കും’ -രാം കദം കൂട്ടിച്ചേർത്തു.
അതേസമയം, തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി ജിതേന്ദ്ര അവ്ഹദ് പറഞ്ഞു. "ശ്രീരാമൻ എന്താണ് കഴിച്ചത് എന്നതിനെച്ചൊല്ലി എന്തിനാണ് വിവാദം? ശ്രീരാമൻ ക്ഷത്രിയനായിരുന്നു, ക്ഷത്രിയർ മാംസാഹാരികളാണ്. ഞാൻ പറഞ്ഞതിൽ ഞാൻ പൂർണമായും ഉറച്ചു നിൽക്കുന്നു. ഇന്ത്യയിലെ ജനസംഖ്യയുടെ 80 ശതമാനവും മാംസാഹാരികളാണ്, അവർ ശ്രീരാമന്റെ ഭക്തരുമാണ് -ജിതേന്ദ്ര പറഞ്ഞു.
താനെയിലെ മുംബ്ര-കൽവയെ പ്രതിനിധീകരിക്കുന്ന എംഎൽഎയാണ് ജിതേന്ദ്ര. 2014ലും 2019ലും മന്ത്രിയായിരുന്നു.