'ന്യൂനപക്ഷവിരുദ്ധ അതിക്രമങ്ങൾ അവസാനിപ്പിക്കണം'; സത്യപ്രതിജ്ഞയ്ക്കിടെ മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ എം.പി
2019ൽ ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രതിഷേധിച്ചാണ് ഇദ്ദേഹം സിവിൽ സർവീസിൽ നിന്ന് രാജിവച്ചത്.
ന്യൂഡൽഹി: രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് തിരുവള്ളൂർ എം.പിയായി സത്യപ്രതിജ്ഞ ചെയ്ത മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ. കോൺഗ്രസ് എം.പിയായ ശശികാന്ത് സെന്തിലാണ് ദലിത്- ആദിവാസി- ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ പാർലമെന്റിൽ സത്യപ്രതിജ്ഞാവേളയിൽ ശബ്ദമുയർത്തിയത്.
'ന്യൂനപക്ഷങ്ങൾക്കും ദലിതർക്കും ആദിവാസികൾക്കുമെതിരായ അതിക്രമങ്ങൾ നിർത്തൂ. ജയ് ഭീം, ജയ് ഭരണഘടന'- സത്യപ്രതിജ്ഞയുടെ സമാപനത്തിൽ സെന്തിൽ പറഞ്ഞു. ബിജെപി എം.പിമാരുടെ ബഹളത്തിനിടെയായിരുന്നു ഇത്. തുടർന്ന് പോഡിയം വിട്ടിറങ്ങുകയായിരുന്നു. ഭരണഘടന ഉയർത്തിപ്പിടിച്ചായിരുന്നു സെന്തിൽ സത്യപ്രതിജ്ഞ ചെയ്തത്.
എന്നാൽ, സെന്തിലിന്റെ ആഹ്വാനം സഭാരേഖകളിൽ ഉൾപ്പെടുത്തില്ലെന്ന് പ്രോടേം സ്പീക്കർ പറഞ്ഞു. 2019ൽ ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രതിഷേധിച്ചാണ് ശശികാന്ത് സെന്തിൽ സിവിൽ സർവീസിൽ നിന്ന് രാജിവച്ചത്. ‘ജനാധിപത്യത്തിൽ വീഴ്ചയുണ്ടാകുമ്പോൾ മൗനം പാലിക്കുന്നത് അധാർമികമാണ്’ എന്നു പറഞ്ഞായിരുന്നു രാജി.
2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന സെന്തിൽ, ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണറായി സേവനമനുഷ്ഠിക്കുമ്പോഴാണ് സർവീസിൽ നിന്ന് വിരമിച്ചത്. തുടർന്ന് കോൺഗ്രസിൽ ചേരുകയായിരുന്നു. രാജ്യത്തെ ജനാധിപത്യ അവസ്ഥയിൽ നിരാശ ചൂണ്ടിക്കാട്ടി 2019 സെപ്തംബർ ആറിന് രാജിവച്ച അദ്ദേഹം, പൗരത്വ ഭേദഗതി നിയമമുൾപ്പെടെയുള്ള വിഷയങ്ങളിലടക്കം കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് കേരള കേഡർ ഐഎഎസ് ഓഫീസർ കണ്ണൻ ഗോപിനാഥൻ സർവീസിൽ നിന്ന് വിരമിച്ചതിന് ഒരു മാസത്തിന് ശേഷമായിരുന്നു ശശികാന്ത് സെന്തിലിന്റെ രാജി. തിരുവള്ളൂർ മണ്ഡലത്തിൽ ബിജെപിയുടെ ബാലഗണപതിയെയാണ് ശശികാന്ത് പരാജയപ്പെടുത്തിയത്. 5,72,155 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു സെന്തിലിന്റെ വമ്പൻ ജയം.