ഇൻസ്റ്റഗ്രാം റീൽസിടുന്നത് തടഞ്ഞു; സഹോദരന്മാരെ കൊല്ലാൻ ശ്രമിച്ച 24 കാരി അറസ്റ്റിൽ
സ്റ്റേഷനിലെത്തിച്ചപ്പോള്‍ നാല് വനിതാ കോൺസ്റ്റബിൾമാരെ കൈയേറ്റം ചെയ്യുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തു
കാൺപൂർ: സ്ഥിരമായി ഇൻസ്റ്റ്ഗ്രാമിൽ റീൽസ് വീഡിയോ ചെയ്യുന്നത് തടഞ്ഞ സഹോദരന്മാരെ കൊല്ലാൻ ശ്രമിച്ച സഹോദരി അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദിലെ അസ്തബൽ തരായിസ്വദേശിയായ 24 കാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂത്ത സഹോദരി ആരതി കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് ആരോപിച്ച് ആകാശ് രാജ്പുതും ജ്യേഷ്ഠൻ ജയ്കിഷൻ രാജ്പുതുമാണ് മൗ ദർവാസ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ഞായറാഴ്ച കസ്റ്റഡിയിലെടുത്ത് മൗദർവാജ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നപ്പോൾ നാല് വനിതാ കോൺസ്റ്റബിൾമാരെ കൈയേറ്റം ചെയ്യുകയും അവരുടെ യൂണിഫോം വലിച്ചുകീറുകയും ചെയ്തിരുന്നു. സ്റ്റേഷൻ ചുമതലക്കാരോടും പെൺകുട്ടി മോശമായി പെരുമാറുകയും ചെയ്തു.
സ്ഥിരമായി റീൽസ് വീഡിയോ തയ്യാറാക്കി ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്യുന്നയാളാണ് ആരതി. അടുത്തകാലത്തായി ഈ സ്വഭാവം വല്ലാതെ കൂടി. ചില വീഡിയോകൾ അതിരുകടക്കുന്നതായിരുന്നെന്നും സഹോദരന്മാർ പറയുന്നു. ഇതിന്റെ പേരിൽ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം സഹോദരിയെയും ഇവരെയും പരിഹസിക്കാൻ തുടങ്ങി. ഇതിനെ തുടർന്നാണ് ഇനി മുതൽ റീൽസ് വീഡിയോ ചെയ്യരുതെന്ന് സഹോദരന്മാർ ആവശ്യപ്പെട്ടത്. എന്നാൽ ഇത് ഇഷ്ടപ്പെടാതിരുന്ന സഹോദരി രണ്ടു സഹോദരന്മാരെയും ആക്രമിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. ഇവരുടെ പിതാവ് ബാദം സിങ്ങിനോട് പോലും സഹോദരി പലപ്പോഴും വിചിത്രമായി പെരുമാറിയിട്ടുണ്ടെന്നും ആകാശ് പറഞ്ഞു.
പരാതി ലഭിച്ചയുടൻ സ്റ്റേഷൻ ഇൻ ചാർജ് അമോദ് കുമാർ സിംഗ് ആരതിയെ സ്‌റ്റേഷനിലെത്തിക്കാൻ ഒരു വനിതാ കോൺസ്റ്റബിളിനെയും ഹോംഗാർഡിനെയും അയച്ചു. സ്‌റ്റേഷനിലെത്തിയപ്പോഴും ആരതി ആക്രമണസ്വഭാവം പുറത്തെടുക്കുകയായിരുന്നെന്നുംപൊലീസുകാർ പറയുന്നു. കൊലപാതകശ്രമത്തിന് പുറമെ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനും ആരതിക്കെതിരെ കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച റിമാന്റ് ചെയ്ത് ജയിലേക്ക് അയച്ചതായും പൊലീസ് പറഞ്ഞു.