യുക്രൈന്‍ രക്ഷാപ്രവര്‍ത്തനം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും: അമിത് ഷാ
യുക്രൈനിലുള്ള ഇന്ത്യക്കാർക്ക് ഫെബ്രുവരി 15ന് തന്നെ സർക്കാർ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നുവെന്ന് അമിത് ഷാ
യുക്രൈനിൽ കുടുങ്ങിയ വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ കേന്ദ്രസര്‍ക്കാര്‍ നടത്തിയ രക്ഷാപ്രവർത്തനങ്ങൾ തെരഞ്ഞടുപ്പില്‍ പ്രതിഫലിക്കുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. ജനുവരി മുതൽ തന്നെ സർക്കാർ സാഹചര്യങ്ങൾ നിരീക്ഷിച്ചിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. ബി.ജെ.പി അധ്യക്ഷൻ ജെ പി നദ്ദയോടൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അമിത് ഷാ ഈ പരാമർശം നടത്തിയത്.
യുക്രൈനിലുള്ള ഇന്ത്യക്കാർക്ക് ഫെബ്രുവരി 15ന് തന്നെ സർക്കാർ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ഫെബ്രുവരി 24നാണ് റഷ്യ യുക്രൈനെതിരെ സൈനിക നീക്കം തുടങ്ങിയത്- "13,000ത്തിലധികം പൗരന്മാർ ഇന്ത്യയിൽ തിരിച്ചെത്തി കൂടുതൽ വിമാനങ്ങൾ ഇനിയും വരുന്നു. ഇതെല്ലാം തെരഞ്ഞെടുപ്പിലും ജനങ്ങളിലും നല്ല സ്വാധീനം ചെലുത്തുണ്ട്"- അമിത് ഷാ പറഞ്ഞു.
ഓപറേഷന്‍ ഗംഗയെ കുറിച്ച് അമിത് ഷാ വിശദമായി സംസാരിച്ചു- "യുക്രൈന്‍റെ അയല്‍ രാജ്യങ്ങളിലേക്ക് സര്‍ക്കാര്‍ മന്ത്രിമാരെ അയച്ചു. റഷ്യൻ ഭാഷ സംസാരിക്കുന്ന സംഘങ്ങളെയാണ് അയച്ചത്. ഒരു കൺട്രോൾ റൂമും സ്ഥാപിച്ചു. യുക്രൈനില്‍ നിന്ന് മാര്‍ച്ച് 4 വരെ 16,000 പൗരന്മാരെ തിരിച്ചെത്തിച്ചു"- അമിത് ഷാ പറഞ്ഞു.
റഷ്യയുടെ ആക്രമണത്തെ തുടർന്ന് ഫെബ്രുവരി 24 മുതൽ യുക്രൈന്‍റെ വ്യോമാതിർത്തി അടച്ചിട്ടിരിക്കുകയാണ്. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ അയൽരാജ്യങ്ങളായ റൊമാനിയ, ഹംഗറി, സ്ലൊവാക്യ, പോളണ്ട് വഴിയാണ് ഇന്ത്യയിലെത്തിക്കുന്നത്.
ഉത്തർപ്രദേശ് ഉൾപ്പെടെ തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളില്‍ ബി.ജെ.പി അധികാരത്തിൽ തിരിച്ചെത്തുമെന്ന് അമിത് ഷാ അവകാശപ്പെട്ടു. പഞ്ചാബിൽ മികച്ച നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നാളെയാണ്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ മാർച്ച് 10ന് നടക്കും.