സുഖ്‌വീന്ദർ തന്നെ മുഖ്യമന്ത്രി: ഹൈക്കമാൻഡ് അംഗീകരിച്ചു
നിയമസഭാ കക്ഷി യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും നേതൃത്വം അറിയിച്ചിട്ടുണ്ട്
ഡൽഹി: ഹിമാചൽ പ്രദേശിൽ സുഖ്‌വീന്ദർ സിങ് സുഖു തന്നെ മുഖ്യമന്ത്രിയാകും. പേര് ഹൈക്കമാൻഡ് അംഗീകരിച്ചു. നിയമസഭാ കക്ഷി യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും നേതൃത്വം അറിയിച്ചിട്ടുണ്ട്. വൈകിട്ട് നാല് മണിക്ക് ഷിംലയിലാണ് യോഗം ചേർന്നത്.
ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണ സുഖ്‌വീന്ദറിനുണ്ടെന്ന് ഇന്നലെ വ്യക്തമായിരുന്നു. ഇതുകൂടാതെ വിജയിച്ച ബി.ജെ.പി വിമതരുടെ പിന്തുണയും കോൺഗ്രസിനുണ്ട്. ഇതോടെ കോൺഗ്രസിന്റെ അംഗസംഖ്യ 40ൽ നിന്നും 43 ആയി ഉയർന്നു. മുഴുവൻ എം.എൽ.എമരാുടെയും പിന്തുണയുണ്ടായത് കൊണ്ട് തന്നെ സുഖ്‌വീന്ദറിനെ മുഖ്യമന്ത്രിയാക്കേണ്ട സാഹചര്യം ഉടലെടുക്കുകയായിരുന്നു. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തെരഞ്ഞെടുക്കുമെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്.
ഹിമാചൽ പ്രദേശിലൂടെ പാർട്ടി പുനരുജ്ജീവനം ആരംഭിച്ചുവെന്നും ഹൈക്കമാൻഡ് ആഗ്രഹിക്കുന്നവർ മുഖ്യമന്ത്രിയാകുമെന്നും സുഖ്‌വീന്ദർ സിങ് സുഖു പറഞ്ഞു. ഹൈക്കമാൻഡ് നിരീക്ഷകരായ ഭൂപേഷ് ബാഗേൽ, രാജീവ് ശുക്ല, ഭൂപീന്ദർ സിംഗ് ഹൂഡ എന്നിവർ ഇന്ന് നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മൂവരും ഡൽഹിയിലേക്ക് മടങ്ങാതെ ഹിമാചലിൽ തന്നെ തുടർന്നേക്കുമെന്നാണ് വിവരം.