സുമിയിലെ രക്ഷാദൗത്യം വെല്ലുവിളി; രക്ഷപെടുത്താനായി സി 17 വിമാനങ്ങൾ
അവസാന ഇന്ത്യൻ പൗരനെ ഒഴിപ്പിക്കുന്നത് വരെ ഓപറേഷൻ ഗംഗ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി
ഏറ്റുമുട്ടൽ നടക്കുന്ന സുമിയിലെ രക്ഷാ പ്രവർത്തനം ഏറെ വെല്ലുവിളിയായി തുടരുകയാണ് . താൽക്കാലിക വെടിനിർത്തൽ ഇല്ലാതെ രക്ഷാപ്രവർത്തനം പ്രയാസമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ച്ചി പറഞ്ഞു.
മൂവായിരത്തോളം ഇന്ത്യക്കാർ ഇപ്പോഴും ഉക്രൈനിൽ കുടുങ്ങിയെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കണക്ക്. സുമിയിൽ മാത്രം എഴുന്നൂറോളം പേരുണ്ട്. ഇവരെ റഷ്യ വഴി തിരികെ എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇന്ത്യൻ വിദ്യാർഥികളെ റഷ്യൻ അതിർത്തിയിലെത്തിക്കാൻ 130 ബസുകൾ സജ്ജമാക്കിയതായി റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥർ അറിയിച്ചു.
റഷ്യൻ സൈന്യത്തിന്റെ സഹായത്തോടെയാകും വിദ്യാർഥികളെ അതിർത്തിയിലെത്തിക്കുക. റഷ്യൻ അതിത്തിയിൽ വിദ്യാർഥികൾ എത്തിയാൽ അവരെ നാട്ടിൽ തിരികെ എത്തിക്കാൻ വ്യോമസേനയുടെ സി-17 വിമാനം ഉപയോഗിക്കും. റഷ്യ വഴിയുള്ള രക്ഷാ ദൗത്യത്തിനായി സജ്ജമാകാൻ വ്യോമസേനക്ക് കേന്ദ്രം നിർദേശം നൽകി.
സുമിയിൽ ഇടവേളകളില്ലാതെ റഷ്യയുടെ ആക്രമണം തുടരുകയാണ്,സുമിയിൽ കടുത്ത പ്രതിരോധം ഉയർത്തുകയാണ് യുക്രൈൻ, അതിനിടെ ഖർകീവിൽ നിന്ന് രക്ഷതേടി പെസോച്ചിനിൽ എത്തിയ വിദ്യാർഥികൾക്ക് പ്രതിസന്ധിയേറി. ഇവിടെയും ഷെല്ലാക്രമണം രൂക്ഷമാണ്. ആവശ്യത്തിന് ഭക്ഷണം കിട്ടുന്നില്ലെന്നും വിദ്യാർഥികൾ പറയുന്നു. അവസാന ഇന്ത്യൻ പൗരനെ ഒഴിപ്പിക്കുന്നത് വരെ ഓപറേഷൻ ഗംഗ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.