'ചിലര്‍ സൂപ്പര്‍മാനും ഭഗവാനും വിശ്വരൂപവുമെല്ലാം ആകാന്‍ നോക്കും'; മോദിയെ ഉന്നമിട്ട് മോഹന്‍ ഭഗവത്

നാഗ്പൂരില്‍നിന്നുള്ള മിസൈലുകള്‍ സ്വയം പ്രഖ്യാപിത ദൈവത്തിനു ലഭിച്ചുവെന്ന് ഉറപ്പാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്

Update: 2024-07-18 15:47 GMT
Editor : Shaheer | By : Web Desk

നരേന്ദ്ര മോദി, മോഹന്‍ ഭഗവത്

Advertising

റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉന്നമിട്ട് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത്. ചില ആളുകള്‍ സൂപ്പര്‍മാന്‍ ആകാന്‍ ആഗ്രഹിക്കാറുണ്ട്. ചിലര്‍ അവിടെയും നിര്‍ത്താതെ ദേവനും ഭഗവാനും ആകാന്‍ നോക്കുമെന്നും അദ്ദേഹം പറഞ്ഞു. ജാര്‍ഖണ്ഡിലാണ് ആര്‍.എസ്.എസ് തലവന്റെ അഭിപ്രായ പ്രകടനം.

പുരോഗതിക്കും വികസനത്തിനുമൊരു അന്ത്യമില്ലെന്ന് ഭഗവത് പറഞ്ഞു. നമ്മള്‍ ഒരു ലക്ഷ്യം മുന്നില്‍ കാണുമ്പോള്‍ ഇനിയുമൊരുപാട് മുന്നോട്ടുപോകാനുണ്ടാകും. ചിലര്‍ സൂപ്പര്‍മാന്‍ ആകാന്‍ നോക്കാറുണ്ട്. അതും കടന്ന് ദേവനവും ഭഗവാനും വിശ്വരൂപവുമെല്ലാം ആകാന്‍ നോക്കും. എന്നാല്‍, ആന്തരികവും ബാഹ്യവുമായ പുരോഗതിക്ക് ഒരു അവസാനമില്ല. അതൊരു നിരന്തര പ്രക്രിയയാണ്. അതുകൊണ്ട്, ഒരിക്കലും സമാധാനമായിരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ ചെയ്തിട്ടുണ്ട്. അപ്പോഴും ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ബാക്കി കിടപ്പുണ്ട്. ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ അവസരമുള്ളതുകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ബാക്കിനില്‍ക്കുകയാണ്. നിരന്തരമായി വികസനം നടന്നാലേ പരിഹാരം കണ്ടെത്താനാകൂവെന്ന് ഭഗവത് പറഞ്ഞു.

വികാസ് ഭാരതി എന്ന എന്‍.ജി.ഒ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭഗവത്. മനുഷ്യരുടെ ക്ഷേമത്തിനു വേണ്ടി നിരന്തരം പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാരിസ്ഥിതിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ നിരന്തരം പരിശ്രമവും പ്രവര്‍ത്തനവും തുടരണം. അതിനൊരു അന്ത്യമില്ല. വൈവിധ്യമാര്‍ന്ന മേഖലകളിലെ നിരന്തര പ്രവര്‍ത്തനം മാത്രമാണു പരിഹാരം. ഇന്ത്യയുടെ പ്രകൃതി പോലെ തന്നെ ഈ ലോകത്തെ മനോഹരമാക്കാന്‍ നമ്മള്‍ അധ്വാനിക്കണമെന്നും ഭഗവത് പറഞ്ഞു.

താന്‍ ബയോളജിക്കല്‍ അല്ലെന്നും ചില കാര്യങ്ങള്‍ ചെയ്യാന്‍ ദൈവം നേരിട്ട് അയച്ചതാണെന്ന് തോന്നുന്നുവെന്നും മോദി നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മോഹന്‍ ഭഗവതിന്റെ പരാമശത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. നാഗ്പൂരില്‍നിന്നുള്ള മിസൈലുകള്‍ സ്വയം പ്രഖ്യാപിത ദൈവത്തിനു ലഭിച്ചുവെന്ന് ഉറപ്പാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു.

Summary: 'After human some people want to become Superman, then they want to become ‘Devta’ and then ‘Bhagwan’ and then ‘Vishworoop’: says RSS chief Mohan Bhagwat

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News