മോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി സർവേ ഫലം: നേട്ടമുണ്ടാക്കി രാഹുൽ ഗാന്ധി

2020 ഓഗസ്റ്റിൽ മോദിയെ പിന്തുണച്ചത് 66 ശതമാനം പേരായിരുന്നു. ഈ വർഷം ജനുവരിയിലത് 38 ശതമാനമായി. അതാണ് വീണ്ടും ഇടിഞ്ഞ് 24 ശതമാനത്തിലേക്ക് എത്തിയത്.

Update: 2021-08-17 10:52 GMT
Editor : rishad | By : Web Desk
Advertising

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി സർവേ. ഇന്ത്യ ടുഡേ 'മൂഡ് ഓഫ് ദ നാഷൻ' സർവേ പ്രകാരമാണ് മോദിയുടെ ജനപ്രീതിയിൽ ഇടിവുണ്ടായത്. 24 ശതമാനം പേരുടെ പിന്തുണയെ മോദിക്ക് ലഭിച്ചുള്ളൂ. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 66 ശതമാനം പേരുടെ പിന്തുണ ലഭിച്ചിടത്താണ് മോദിയുടെ ജനപ്രീതി 24 ശതമാനത്തിലേക്ക് എത്തിയത്. അടുത്ത പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍ ആരെന്നായിരുന്നു സര്‍വേയിലൂടെ ചോദിച്ചിരുന്നത്. 

കോവിഡിന്റെ രണ്ടാം തരംഗം കേന്ദ്രസർക്കാർ കൈകാര്യം ചെയ്തതിലെ പാളിച്ചകളും രാജ്യത്തെ സാമ്പത്തിക മേഖല തകർന്നതുമൊക്കെ മോദിയുടെ ജനപ്രീതിയിൽ കോട്ടം തട്ടിച്ചു. അതേസമയം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവര്‍ ഈ സർവേ പ്രകാരം നേട്ടമുണ്ടാക്കി. മോദി കഴിഞ്ഞാൽ പ്രധാനമന്ത്രിയാകാൻ യോഗ്യൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണെന്നാണ് സർവേ ചൂണ്ടിക്കാട്ടുന്നത്. പതിനൊന്ന് ശതമാനം പേരുടെ പിന്തുണ യോഗി ആദിത്യനാഥിന് ലഭിച്ചു. കഴിഞ്ഞ വർഷം മൂന്ന് ശതമാനം പേരുടെ പിന്തുണ ലഭിച്ചിടത്ത് നിന്നാണ് യോഗിക്ക് പതിനൊന്ന് ശതമാനം പേരുടെ പിന്തുണ ലഭിക്കുന്നത്.

സർവേ പ്രകാരം രാഹുൽ ഗാന്ധിയാണ് മൂന്നാം സ്ഥാനത്ത്. രാഹുൽ ഗാന്ധിയും സർവേയിൽ നേട്ടമുണ്ടാക്കി. കഴിഞ്ഞ വർഷം എട്ട് ശതമാനം പേരുടെ പിന്തുണ ലഭിച്ചിടത്ത് ഈ വർഷം പത്ത് ശതമാനം പേരുടെ പിന്തുണയായി. വെറും ഒരു ശതമാനത്തിന്റെ വ്യത്യാസമെ യോഗിയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ളൂ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ഇവരെല്ലാം കഴിഞ്ഞ വർഷങ്ങളേക്കാൾ നേട്ടമുണ്ടാക്കിയിട്ടുണ്ട്.

പണപ്പെരുപ്പവും തൊഴിലില്ലായ്മയും രാജ്യത്തെ പ്രധാന ആശങ്കയായി നിലനിൽക്കുന്നുവെന്ന് ഇന്ത്യ ടുഡേ സർവേ ചൂണ്ടിക്കാണിക്കുന്നുണ്ട്. രാജ്യത്തെ സമ്പദ് വ്യവസ്ഥ മോശമാകുന്നുവെന്ന് കരുതുന്നുവരുടെ എണ്ണം 32 ശതമാനമായി ഉയർന്നു. അതേസമയം രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാർ ആരെന്ന സർവേഫലത്തിൽ യോഗി ആദിത്യനാഥിന് ഏഴാം സ്ഥാനമാണ്. ഈ സർവേഫലം പ്രകാരം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ഒന്നാം സ്ഥാനത്ത്. തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം അകലെ നിൽക്കെ ഉത്തർപ്രദേശ് മുഖ്യമന്ത്രി എന്ന നിലയില്‍ യോഗി ആദിത്യനാഥിന്റെ ജനപ്രീതി ഇടിഞ്ഞത് ബി.ജെ.പിക്ക് ക്ഷീണമായിട്ടുണ്ട്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News