ശരദ് പവാർ പക്ഷത്തിന് 'കാഹളം മുഴക്കുന്ന മനുഷ്യൻ' ചിഹ്നം അനുവദിച്ച് സുപ്രിംകോടതി
ശരദ് പവാറിന്റെ പേരോ ചിത്രമോ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉപയോഗിക്കരുതെന്ന് അജിത് പവാർ പക്ഷത്തോട് സുപ്രിംകോടതി നിർദേശിച്ചു.
Update: 2024-03-19 12:35 GMT
ന്യൂഡൽഹി: എൻ.സി.പി ചിഹ്ന തർക്കത്തിൽ ശരദ് പവാർ പക്ഷത്തിന് കാഹളം മുഴക്കുന്ന മനുഷ്യൻ ചിഹ്നമനുവദിച്ച് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരിഗണിച്ചാണ് ഉത്തരവ്. ഈ ചിഹ്നം മറ്റാർക്കും നൽകരുതെന്നും സുപ്രിംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകി.
ശരദ് പവാറിന്റെ പേരോ ചിത്രമോ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉപയോഗിക്കരുതെന്ന് അജിത് പവാർ പക്ഷത്തോട് സുപ്രിംകോടതി നിർദേശിച്ചു. അജിത് പവാർ പക്ഷം ക്ലോക്ക് ചിഹ്നം ഉപയോഗിക്കുന്നത് കേസിലെ അന്തിമ തീരുമാനത്തിന് വിധേയമായിരിക്കുമെന്നും കോടതി പറഞ്ഞു. പ്രിന്റ് ഇലക്ട്രോണിക് മാധ്യമങ്ങളിലെ പരസ്യങ്ങളിൽ ഇക്കാര്യം വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു.