ഗ്യാൻവാപി പള്ളിയിലെ സർവേ നടപടികൾ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി നൽകിയ ഹരജിയിൽ സുപ്രിംകോടതി ഇന്ന് വാദം കേൾക്കും

പള്ളിയിൽ ഏകപക്ഷീയമായി നടത്തിയ സർവേ അംഗീകരിക്കരുതെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം. സർവേ പൂർത്തിയാക്കി റിപ്പോർട്ട് കൈമാറുന്നതിന് മുമ്പ് ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന ഭാഗം സീൽ ചെയ്യാൻ വരാണസി കോടതി ഉത്തരവിട്ടതിനെയും പള്ളി കമ്മിറ്റി ചോദ്യം ചെയ്യുന്നുണ്ട്.

Update: 2022-05-19 00:52 GMT
Advertising

ന്യൂഡൽഹി: വരാണസി ഗ്യാൻവാപി പള്ളിയിൽ നടത്തിയ സർവേ നടപടികൾ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി നൽകിയ ഹരജിയിൽ സുപ്രിംകോടതി ഇന്ന് വീണ്ടും വാദം കേൾക്കും. കോടതി തീർപ്പ് കൽപ്പിക്കുന്നത് വരെ ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന ഭാഗം സംരക്ഷിക്കാൻ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു. പള്ളിയിൽ നടത്തിയ സർവേ റിപ്പോർട്ട് അഡ്വക്കേറ്റ് കമ്മീഷണർമാർ ഇന്ന് വാരണസി കോടതിക്ക് നൽകിയേക്കും.

പള്ളിയിൽ ഏകപക്ഷീയമായി നടത്തിയ സർവേ അംഗീകരിക്കരുതെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം. സർവേ പൂർത്തിയാക്കി റിപ്പോർട്ട് കൈമാറുന്നതിന് മുമ്പ് ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന ഭാഗം സീൽ ചെയ്യാൻ വരാണസി കോടതി ഉത്തരവിട്ടതിനെയും പള്ളി കമ്മിറ്റി ചോദ്യം ചെയ്യുന്നുണ്ട്. 1947 ന് ശേഷമുള്ള ആരാധനാലയങ്ങളുടെ കാര്യത്തിൽ തൽസ്ഥിതി തുടരണമെന്ന് പാർലമെന്റ് പാസാക്കിയ നിയമം ഗ്യാൻവാപി പള്ളിയുടെ കാര്യത്തിൽ അട്ടിമറിക്കുന്നുവെന്നും ഹരജിക്കാർ ആരോപിക്കുന്നു. മസ്ജിദ് കമ്മിറ്റി നൽകിയ ഹരജിയിൽ ഇന്ന് ഹിന്ദുസേന കോടതിയിൽ മറുപടി നൽകും. യുപി സർക്കാറും നിലപാടറിയിക്കും.

അതേസമയം സർവേ നടത്തി സീൽ ചെയ്ത പ്രദേശത്തെ പള്ളിമതിൽ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുസേന നൽകിയ ഹരജിയിൽ വരാണസി കോടതി ഇന്ന് വാദം കേൾക്കും. സർവേ സംഘത്തിൽ നിന്നും പുറത്താക്കിയ അഡ്വക്കേറ്റ് കമ്മീഷണർ അജയ് മിശ്രയെ തിരിച്ചെടുക്കണമെന്നും ഹിന്ദു സേന ആവശ്യപ്പെട്ടിട്ടുണ്ട്. പള്ളിയിൽ നടത്തിയ സർവേയുടെ റിപ്പോർട്ട് ഇന്ന് കൈമാറാനാണ് അഡ്വക്കേറ്റ് കമ്മീഷണർമാർക്ക് കോടതി നൽകിയ നിർദേശം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News