രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം അംഗീകരിക്കാനാവില്ല: കോണ്‍ഗ്രസ്

6 പ്രതികളെ മോചിപ്പിക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്‍റെ പ്രതികരണം

Update: 2022-11-11 12:29 GMT
Advertising

ഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടത് നിര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ്. വിധി അസ്വീകാര്യവും തെറ്റായതുമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എം.പിയുമായ ജയറാം രമേശ് പറഞ്ഞു.

"മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അവശേഷിക്കുന്ന കൊലയാളികളെ മോചിപ്പിക്കാനുള്ള സുപ്രിംകോടതിയുടെ തീരുമാനം തികച്ചും അസ്വീകാര്യവും തികച്ചും തെറ്റുമാണ്. കോൺഗ്രസ് പാർട്ടി ഇതിനെ വിമർശിക്കുന്നു. അത് അംഗീകരിക്കാനാവാത്തതാണ്. ഈ വിഷയത്തിൽ സുപ്രിംകോടതി രാജ്യത്തിന്‍റെ ആത്മാവിന് അനുസൃതമായി പ്രവർത്തിക്കാത്തത് ദൗർഭാഗ്യകരമാണ്"- എന്നാണ് ജയറാം രമേശിന്‍റെ പ്രസ്താവന.

മുരുകന്‍, നളിനി, റോബര്‍ട്ട് പയസ്, രവിചന്ദ്ര രാജ, ശ്രീഹരന്‍, ജയകുമാര്‍ എന്നിവരെ മോചിപ്പിക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്‍റെ പ്രതികരണം. 33 വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷമാണ് പ്രതികളുടെ മോചനം. റോബര്‍ട്ട് പയസ്, ജയകുമാര്‍, മുരുകന്‍ എന്നിവര്‍ ശ്രീലങ്കന്‍ പൗരന്മാരാണ്. ജീവപര്യന്തം തടവ് അനുഭവിച്ചുകൊണ്ടിരുന്ന പ്രതികളെയാണ് കോടതി ജയിൽ മോചിതരാക്കിയത്. മെയ് മാസത്തില്‍ ഇതേ കേസില്‍ പേരളിവാളനെ കോടതി മോചിപ്പിച്ചിരുന്നു. ഈ ഉത്തരവ് മറ്റ് പ്രതികള്‍ക്കും ബാധകമാണെന്ന് കോടതി വ്യക്തമാക്കി.

1991 മെയ് 21ന് ശ്രീപെരുംപത്തൂരില്‍ വെച്ചാണ് എല്‍.ടി.ടി.ഇയുടെ ചാവേറാക്രമണത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടർന്നാണ് 2000ല്‍ നളിനിയുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചത്. 2014ലാണ് മറ്റ് ആറ് പ്രതികളുടെയും ശിക്ഷ ഇളവ് ചെയ്തത്. 

Summary- The Congress party termed it as "unfortunate" and "unacceptable" as the Supreme Court today announced its decision to release the six killers convicted in the assassination of former Prime Minister and Congress leader Rajiv Gandhi.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News