സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ആശുപത്രികള്‍; ഗുജറാത്ത് സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ആശുപത്രികളിലുണ്ടായ തീപിടുത്തത്തില്‍ നിരവധി പേരാണ് ഗുജറാത്തില്‍ അടുത്തകാലങ്ങളില്‍ മരിച്ചത്.

Update: 2021-08-27 13:02 GMT
Editor : Suhail | By : Web Desk
Advertising

കോവിഡ് പ്രതിസന്ധിയുടെ പേരില്‍ സുരക്ഷാ മാനദണ്ഡങ്ങളില്‍ അയവു വരുത്തി കൂടുതല്‍ ആുപത്രികള്‍ അനുവദിക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. കോവിഡില്‍ നിന്നും രക്ഷിക്കുന്നതിന് വേണ്ടി, ആളുകളെ തീയിലിട്ട് കൊല്ലുകയാണോ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.

സുരക്ഷാ മാനദണ്ഡങ്ങളില്‍ ഇളവു വരുത്തി കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ ജൂലൈ എട്ടിനാണ് ഗുജറാത്ത് ഉത്തരവിറക്കിയത്. അടുത്ത വര്‍ഷം മാര്‍ച്ച് വരെ ഇളവുകളോടെ കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള അനുമതിയാണ് സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍ ഗുജറാത്ത് സര്‍ക്കാരിന്റെ നീക്കം പൊതുജനാരോഗ്യ നയത്തിനും സുരക്ഷക്കും എതിരാണെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ആശുപത്രികളിലുണ്ടായ തീപിടുത്തത്തില്‍ നിരവധി പേരാണ് ഗുജറാത്തില്‍ നേരത്തെ മരിച്ചുവീണത്. ആഗസ്റ്റില്‍ അഹമ്മദാബാദിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ എട്ടു പേരും, നവംബറില്‍ രാജ്‌കോട്ടില്‍ ആറും, മെയില്‍ ഭറൂച്ച് ആശുപത്രിയില്‍ നടന്ന അപകടത്തില്‍ 18 പേരുമാണ് മരിച്ചത്.

കോവിഡില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിന്റെ പേരില്‍, ജനങ്ങളെ തീയിലിട്ടു കൊല്ലുകയാണോ എന്നാണ് അപകടമരണങ്ങള്‍ ചൂണ്ടിക്കാട്ടി കോടതി ചോദിച്ചത്. യാതൊരു സുരക്ഷാ സജ്ജീകരണങ്ങളോ അനുമതിയോ ഇല്ലാതെ മുപ്പതു വര്‍ഷമായി ആശുപത്രികളിവിടെ പ്രവര്‍ത്തിച്ചതായും കോടതി വിമര്‍ശിച്ചു.

ഏഴും എട്ടും കിടക്കകളുള്ള ചെറിയ മുറികളാണ് ഇവിടുത്തെ ഐ.സി.യുകള്‍. ഇതിനെതിരെ എന്തെങ്കിലും ഉത്തരവ് പുറപ്പെടുവിക്കാന്‍ താത്പര്യപ്പെടുന്നില്ല. അങ്ങനെയാണങ്കില്‍ എയിംസിലെ 80 ശതമാനം ഐ.സി.യുകളും അടച്ചുപ്പൂട്ടേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News