പശ്ചിമഘട്ട സംരക്ഷണം: കരട് വിജ്ഞാപനത്തിനെതിരെയുള്ള ഹരജി സുപ്രിംകോടതി തള്ളി
കേരളത്തിൽനിന്നുള്ള 'കർഷക ശബ്ദം' എന്ന സംഘടനയാണ് സുപ്രിംകോടതിയിൽ പൊതുതാൽപ്പര്യ ഹരജി നൽകിയത്. സർക്കാർ പശ്ചിമഘട്ട സംരക്ഷണത്തിനായി കൊണ്ടുവരുന്ന കരട് വിജ്ഞാപനം കൃഷിയെയും കർഷക നിലനിൽപ്പിനെയും കാര്യമായി ബാധിക്കുമെന്ന് ഹരജിയിൽ പറഞ്ഞിരുന്നു.
ന്യൂഡൽഹി : പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കരട് വിജ്ഞാപനത്തിന് എതിരായ ഹരജി സുപ്രിംകോടതി തള്ളി. അന്തിമ വിജ്ഞാപനം വരുമ്പോൾ പരാതിയുണ്ടെങ്കിൽ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് പറഞ്ഞു. കേരളത്തിൽനിന്നുള്ള 'കർഷക ശബ്ദം' എന്ന സംഘടനയാണ് സുപ്രിംകോടതിയിൽ പൊതുതാൽപ്പര്യ ഹരജി നൽകിയത്. സർക്കാർ പശ്ചിമഘട്ട സംരക്ഷണത്തിനായി കൊണ്ടുവരുന്ന കരട് വിജ്ഞാപനം കൃഷിയെയും കർഷക നിലനിൽപ്പിനെയും കാര്യമായി ബാധിക്കുമെന്ന് ഹരജിയിൽ പറഞ്ഞിരുന്നു. ഇതോടൊപ്പം ഗാഡ്ഗിൽ നിർദേശങ്ങൾ അംഗീകരിക്കരുതെന്ന് സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
2018 ലെ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് 2020 തിലാണ് ഹരജിയെത്തിയത്. എന്നാലിതിനെ സുപ്രിംകോടതി ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് ഹരജി നൽകാൻ ഇത്രയേറെ വൈകിയതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. വിഷയത്തിൽ ഒരുപാട് ജനങ്ങളുടെ അഭിപ്രായം തേടിയ ശേഷമാണ് ഹരജി നൽകിയതെന്നും അതിലാണ് വൈകിയതെന്നും ഹരജിക്കാർ മറുപടി നൽകി. എന്നാലിത് അംഗീകരിക്കാനാകില്ലെന്നും ഇപ്പോൾ വന്നത് കരട് വിജ്ഞാപനം മാത്രമാണെന്നും അന്തിമ വിജ്ഞാപനം വരുമ്പോൾ ഇടപെടാമെന്നും സുപ്രിംകോടതി വ്യക്തമാക്കി.