ജാർഖണ്ഡിൽ ഹോളിക്കിടെ ആക്രമണം; കടകൾക്കും വാഹനങ്ങൾക്കും തീവെച്ചു
ഘോഡ്താംബ ചൗക്കിന് സമീപമുള്ളൊരു തെരുവിലൂടെ ഹോളി ഘോഷയാത്ര കടന്നുപോകുമ്പോഴാണ് അക്രമം


റാഞ്ചി: ജാർഖണ്ഡ് ഗിരിദിഹ് ജില്ലയിലെ ഘോർത്തംബയിൽ ഹോളി ആഘോഷത്തിനിടെ ആക്രമണം. കടകൾക്കും വാഹനങ്ങൾക്കും തീവെച്ചു. രണ്ട് സമുദായങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.
നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഘോഡ്താംബ ചൗക്കിന് സമീപമുള്ളൊരു തെരുവിലൂടെ വെള്ളിയാഴ്ച ഹോളി ഘോഷയാത്ര കടന്നുപോകുമ്പോഴാണ് സംഭവം. ഇരു സമുദായങ്ങള്‍ തമ്മിലുള്ള വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്, അത് മണിക്കൂറോളം നീണ്ടുനിന്നു. ഇരു വിഭാഗങ്ങളും കല്ലെറിയുകയായിരുന്നു. പിന്നാലെയാണ് തീവെപ്പ് ഉണ്ടായത്.
അതേസമയം സ്ഥിതിഗതികൾ ശാന്തമാക്കാനും കൂടുതൽ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാനും സ്ഥലത്ത് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ വൻ പൊലീസ് സംഘത്തെ വിന്യസിച്ചതായും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. അക്രമികള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമികള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. നാശനഷ്ട കണക്കുകളും പൊലീസ് വിലയിരുത്തുന്നു.