നിരാഹാരമിരിക്കുന്ന ജഗ്‌ജീത് സിങ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാൻ കോടതി അനുവദിച്ച സമയം നാളെ അവസാനിക്കും
എന്നാൽ ആശുപത്രിയിലേക്ക് ഇല്ലെന്ന നിലപാടിലാണ് ദല്ലേവാൾ
ഡല്‍ഹി: നിരാഹാരമിരിക്കുന്ന കർഷക നേതാവ് ജഗ്‌ജീത് സിങ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രിം കോടതി അനുവദിച്ച സമയം നാളെ അവസാനിക്കും. എന്നാൽ ആശുപത്രിയിലേക്ക് ഇല്ലെന്ന നിലപാടിലാണ് ദല്ലേവാൾ. സമരം ചെയ്യാൻ തനിക്ക് മേൽ സമ്മർദ്ദം ഇല്ലെന്നും ദല്ലേവാൾ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ഖനൗരിയില്‍ കഴിഞ്ഞ ഒരു മാസത്തിലേറെയായി ജഗ്ജിത് സിംഗ് ദല്ലേവാൾ നിരാഹരത്തിലാണ്. എന്നാൽ ആരോഗ്യസ്ഥിതി മോശമായതോടെയാണ് ദല്ലേവാളിനെ നാളെയ്ക്കകം ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രിം കോടതി പഞ്ചാബ് സർക്കാരിന് താക്കിത് നൽകിയത്.എന്നാൽ തന്നെ ആശുപത്രിയിലേക്ക് മാറ്റുന്നത്തിന് പകരം കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുവാൻ കേന്ദ്രസർക്കാരിന് സുപ്രിം കോടതി നിർദേശം നൽകണമെന്ന നിലപാടിലാണ് ദല്ലേവാൾ.
നിരാഹാര സമരം തുടരാൻ ദല്ലേവാളിനു സമ്മർദ്ദം ഉണ്ടെന്ന സുപ്രിം കോടതി വിമർശനവും അദ്ദേഹം തള്ളിക്കളയുന്നു. അതേസമയം ദല്ലേവാളിന് എങ്ങനെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് ആശയക്കുഴപ്പത്തിലാണ് പഞ്ചാബ് സർക്കാർ. ഒരു ബലപ്രയോഗത്തിന് പഞ്ചാബ് സർക്കാർ മുതിർന്നാൽ ഖനൗരിയില്‍ സംഘർഷമുണ്ടായേക്കും.