താടിവെച്ചതിന് മുസ്‍ലിം പൊലീസ് ഉദ്യോഗസ്ഥനെ സസ്​പെൻഡ് ചെയ്ത നടപടി: ഹരജി സുപ്രിംകോടതി പരിഗണിക്കും

ഭരണഘടനാപരമായ സുപ്രധാന വിഷയമെന്ന് ചീഫ് ജസ്റ്റിസ്

Update: 2024-08-13 13:35 GMT
Advertising

ന്യൂഡൽഹി: മുസ്‍ലിം പൊലീസ് ഉദ്യോഗസ്ഥന് മതാചാര പ്രകാരമായി താടിവെയ്ക്കാൻ കഴിയുമോ എന്ന ഹരജി പരിഗണിക്കുമെന്ന് സുപ്രിംകോടതി. താടിവെച്ചതിന്റെ പേരിൽ മുസ്‍ലിം പൊലീസ് ഉദ്യോഗസ്ഥനെ സസ്​പെൻഡ് ചെയ്തത് മതം ആചരിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജിയാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്റെ നേതൃത്വത്തിൽ ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുന്നത്.

‘ഇത് ഭരണഘടനാപരമായ സുപ്രധാന വിഷയമാണ്. ഇത് സംബന്ധിച്ച് വാദം നടക്കേണ്ടതുണ്ട്. മറ്റുള്ളവ ഇല്ലാത്ത ഒരു ദിവസം വാദം കേൾക്കാൾ ഞങ്ങൾ ലിസ്റ്റ് ചെയ്യും’ -ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് വ്യക്തമാക്കി.

മഹാരാഷ്ട്ര ആഭ്യന്തര മന്ത്രാലയത്തിനെതിരെയാണ് സഹീറുദ്ദീൻ എസ്. ബേ​ദാഡെ എന്നയാൾ ഹരജി നൽകുന്നത്. മഹാരാഷ്ട്ര സ്റ്റേറ്റ് റിസർവ് പൊലീസ് സേനയിൽനിന്നാണ് ഇയാളെ താടിവെച്ചതിന് സസ്​പെൻഡ് ചെയ്തത്. 1951​ലെ ബോംബെ പൊലീസ് നിബന്ധനകൾ ​പ്രകാരമാണ് സസ്​പെൻഷൻ. കേസ് ലോക് അദാലത്ത് പരിഗണിച്ചെങ്കിലും പരിഹരിക്കാൻ സാധിച്ചില്ലെന്ന് ഹരജിക്കാരന്റെ അഭിഭാഷൻ സുപ്രിം കോടതിയെ അറിയിച്ചു.

സസ്​പെൻഡ് ചെയ്ത നടപടി അംഗീകരിച്ചുകൊണ്ടുള്ള 2012ലെ ബോംബെ ഹൈകോടതിയുടെ വിധിക്കെതിരെ 2015ലാണ് ഹരജിക്കാരൻ സുപ്രിംകോടതിയെ സമീപിക്കുന്നത്. താടി വടിക്കാൻ സമ്മതിച്ചാൽ സസ്​പെൻഷൻ റദ്ദാക്കുമെന്ന് സുപ്രിംകോടതി നേരത്തേ അറിയിച്ചിരുന്നു. എന്നാൽ, നിർദേശം അംഗീകരിക്കാൻ ഹരജിക്കാരൻ തയ്യാറായില്ല.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News