ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നൽകിയ വിധി ശരിവെച്ച് സുപ്രിം കോടതി; തമിഴ്‌നാട്‌ സർക്കാറിന് തിരിച്ചടി

ചില മേഖലകളിൽ റൂട്ട് മാർച്ച് നടത്തിയാൽ ക്രമസമാധാന പ്രശ്നമുണ്ടാക്കും എന്ന് സത്യവാങ്മൂലത്തിൽ സർക്കാർ സൂചിപ്പിച്ചിരുന്നു

Update: 2023-04-11 06:04 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി: ആർഎസ്എസ് റൂട്ട് മാർച്ചിനെതിരെ തമിഴ്നാട് സർക്കാർ നൽകിയ ഹരജി സുപ്രിംകോടതി തള്ളി. മാർച്ചിന് അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവെച്ചു. പിഎഫ്ഐ നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ചില മേഖലകളിൽ റൂട്ട് മാർച്ച് നടത്താനാകില്ലെന്ന നിലപാടായിരുന്നു സുപ്രിംകോടതിയിൽ തമിഴ്‌നാട് സർക്കാർ സ്വീകരിച്ചിരുന്നത്. നേരത്തെ ഇക്കാര്യം ചൂണ്ടിക്കാട്ടി വിശദമായ സത്യവാങ്മൂലവും നൽകിയിരുന്നു. 

കോയമ്പത്തൂർ, തിരുപ്പൂർ ഉൾപ്പെടെയുള്ള ചില മേഖലകളിൽ റൂട്ട് മാർച്ച് നടത്തിയാൽ ക്രമസമാധാന പ്രശ്നമുണ്ടാക്കും എന്ന് സത്യവാങ്മൂലത്തിൽ സർക്കാർ സൂചിപ്പിച്ചിരുന്നു. മറ്റുള്ളവർക്ക് മാത്രമല്ല റൂട്ട് മാർച്ച് നടത്തുന്ന ആർഎസ്എസ് കേഡർമാർക്കും ഇത് സുരക്ഷാഭീഷണിയുണ്ടാക്കുമെന്നാണ് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ഒക്ടോബർ രണ്ടിനായിരുന്നു നേരത്തെ ആർ.എസ്.എസ് റൂട്ട് മാർച്ച് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നിഷേധിക്കുകയാണുണ്ടായത്.

പിന്നീട് നവംബർ ആറിന് മാർച്ച് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും അനുമതി നൽകിയില്ല.തുടർച്ചയായി അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ആർഎസ്എസ് ഹൈക്കോടതിയെ സമീപിച്ചത്. മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് അനുമതി നൽകുകയും ചെയ്തു. ഈ നടപടി ചോദ്യംചെയ്‌തുകൊണ്ടാണ് തമിഴ്‌നാട് സർക്കാർ സുപ്രിംകോടതിയെ സമീപിച്ചത്. എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് ആർഎസ്എസ് അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇത് അംഗീകരിച്ച കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News